ഡോ. രത്‌നാകര മല്ലമൂലയ്‌ക്ക് വനമിത്ര പുരസ്‌കാരം
"ബനവാസി' കൃഷിയുടെ പാഠശാല

ഡോ. രത്‌നാകര മല്ലമൂല തുവരച്ചെടികളും കവുങ്ങുകളും നിറയെ വളരുന്ന കൃഷിയിടം നനയ്‌ക്കുന്നു
കെ സി ലൈജുമോൻ
Published on May 03, 2026, 02:00 AM | 1 min read
കാസർകോട്
ഇടതൂർന്നു വളർന്ന അക്കേഷ്യ മരങ്ങളെക്കൊണ്ട് നിറഞ്ഞ ഒന്നരയേക്കർ ഭൂമി... മുഴുവനും വെട്ടിമാറ്റി സർവത്ര കാർഷികവിളകൾ നട്ടുവളർത്തി ഇവിടം കൃഷിയുടെ പാഠശാലയാക്കി മാറ്റിയ ഡോ. രത്‌നാകര മല്ലമൂലയ്‌ക്ക് സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര അവാർഡ്. ‘ഒന്നിനും കൊള്ളാത്ത സ്ഥലം’.... ഭാര്യയുടെ കുടുംബസ്വത്തായി ലഭിച്ച ഇൗ പ്രദേശത്തിന്‌നാട്ടുകാർ നൽകിയ പേരാണിത്. കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ മണ്ണിനെ പൊന്നാക്കാനാകുമെന്ന് സ്വന്തം പ്രയത്‌നത്തിലൂടെ തെളിയിച്ചതിനാണ് വനമിത്ര പുരസ്‌കാരം രത്‌നാകര മല്ലമൂലയെ തേടിയെത്തിയത്. കാസർകോട് ഗവ. കോളേിലെ കന്നഡ വിഭാഗം പ്രൊഫസറാണ് ബേള വില്ലേജിലെ നീർച്ചാൽ– മാന്യ റോഡരികിൽ വില്ലേജ് ഓഫീസിനടുത്തായി "ബനവാസി'യിൽ താമസിക്കുന്ന ഇൗ അധ്യാപക കർഷകൻ. നാഷണൽ സർവീസ് സ്‌കീം ദേശീയ അവാർഡ് ജേതാവുമാണ്. ഇൗ ചെങ്കൽപ്പാറയിൽ വിളയാത്ത കൃഷികളില്ലെന്ന് ഇവിടെയെത്തുന്നവർക്ക് കണ്ടറിയാനാകും. നെല്ല്, പച്ചക്കറികൾ, കുരുമുളക്, പ്ലാവ്, മാവ്, അണാർ, നെല്ലിക്ക, ഡ്രാഗൺ ഫ്രൂട്ട്, ഞാവൽ, മധുരനാരങ്ങ, മട്ടുവോ. ലിച്ചി, കൃഷ്‌ണതുളസി, പുനാർപുളി, രാമച്ചം, ഈശ്വര വേര്, രക്തചന്ദനം, പപ്പായകൾ, ചോളം, ചെറുപയർ, തുവര, മുതിര, മരച്ചീനി എന്നിവ ഉൾപ്പെടെ ഒൗഷധസസ്യങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴങ്ങളുമെല്ലാം ഇൗ പറന്പിലുണ്ട്. എൽപി, യുപി, ഹൈസ്‌കൂൾ പാഠ്യഭാഗത്തുള്ള കൃഷിരീതികളെല്ലാം അടുത്തറിയാൻ കഴിയുന്ന ഇടമായി ശ്രദ്ധയാകർഷിച്ചതിനാൽ വിദ്യാർഥികൾ "ബനവാസി'യെ പഠനകേന്ദ്രമാക്കിയിരിക്കുകയാണ്. രണ്ടുലക്ഷം ലിറ്റർ കൊള്ളുന്ന മഴവെള്ള സംഭരണിയും നിർമിച്ചിട്ടുണ്ട്. എം ടെക് ബിരുദധാരിയായ ഭാര്യ സുനിത യാദവും രത്‌നാകരയ്‌ക്ക് കൂട്ടായി ഒപ്പമുണ്ട്. മൂന്നാംക്ലാസുകാരി കൃതി മല്ലമൂലയും മൂന്നുവയസുകാരൻ പ്രണവ് മല്ലമൂലയും മക്കൾ.










0 comments