എണ്ണയിൽ കരിയുന്നു ബേക്കറി വ്യവസായം

നീലേശ്വരം
കൊതിയൂറും നേന്ത്രക്കായ ചിപ്‌സും അരിമുറുക്കും എന്തിന് പഴംപൊരിയും ഉള്ളിവടയും സമൂസയും ഇനി കെെപൊള്ളാതെ കഴിക്കാനാവില്ല. വെളിച്ചെണ്ണയടക്കമുള്ള പാചക എണ്ണയുടെ വില ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ബേക്കറി മേഖല. ബേക്കറികളിൽ ചിപ്സ് ഉൾപ്പെടെയുള്ള മിക്കവാറും ഉൽപ്പന്നങ്ങൾക്ക് അധികവും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. എന്നാൽ ക്രമാതീതമായ വിലവർധന ബേക്കറി ഉടമകളുടെ നടുവൊടിച്ചു. ലിറ്ററിന് 220 മുതൽ 250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ പൊതുവിപണിയിൽ 400 മുതൽ - 420 വരെയാണ്. പിടിച്ചു നിൽക്കാൻ ബേക്കറി ഉൽപന്നങ്ങൾക്ക് വിലകൂട്ടാതെ നിവൃത്തിയില്ലെങ്കിലും കൂട്ടിയാൽ വ്യാപാരം കുറയുമെന്ന ആശങ്ക വ്യാപാരികളെ സമ്മർദത്തിലാക്കുന്നു. 340 രൂപയുണ്ടായിരുന്ന വറുത്ത കായയ്ക്ക് 500 രൂപയായി. ഹൽവ വില 150ൽനിന്ന് 200 രൂപയായി. മിക്സർ, ഉണ്ണിയപ്പം,കൂന്തി, അച്ചപ്പം തുടങ്ങിയവയെല്ലാം വെളിച്ചെണ്ണയിലാണ് ഉണ്ടാക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഇരുട്ടടി ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് എണ്ണ വില ഉയർന്നത്. ആഭ്യന്തര ഉൽപാദകർക്ക് ഇറക്കുമതി തീരുവ കൂട്ടിയത് ഗുണമാണെങ്കിലും പാമോയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകൾ ഉപയോഗിച്ച് പലഹാരങ്ങൾ തയാറാക്കുന്ന ബേക്കറി ഉടമകൾക്ക് ഇത് ഇരുട്ടടിയാണ്. മൈദ, പഞ്ചസാര, നെയ്യ് തുടങ്ങി എല്ലാത്തിനും വില കൂടിയിട്ടുണ്ട്.










0 comments