ad
Deshabhimani

കയ്പമംഗലം വാഹനാപകടം

'ഇതൊരു ചെറിയ ട്രാഫിക് നിയമലംഘനമായി കാണരുത്, നടപടി വേണം'; പ്രതികരിച്ച് ഷറഫുദ്ദീൻ

Sharafudheen .jpg
വെബ് ഡെസ്ക്

Published on Sep 05, 2026, 10:22 PM | 2 min read

തിരുവനന്തപുരം: കയ്പമംഗലം വാഹനാപകടത്തിൽ കുറ്റക്കാർക്കെതിരെ കര്‍ശനമായ നിയമനടപടിവേണമെന്ന് നടൻ ഷറഫുദ്ദീൻ. ദേശീയപാതകളിൽ ലോറികളും ട്രക്കുകളും രാത്രിയിൽ യാതൊരു മുന്നറിയിപ്പ് സിഗ്നലുകളും നൽകാതെ റോഡരികില്‍ പാർക്ക് ചെയ്യുന്നത് ഒരു ചെറിയ ട്രാഫിക് നിയമലംഘനമായി കാണരുതെന്നും മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ അശ്രദ്ധയായി തന്നെ കാണണമെന്നും ഷറഫുദ്ദീൻ ഫെയ്സ്ബുക്കിൽ കുറിച്ചു.


നാഷണൽ പെർമിറ്റ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ റിഫ്ലക്ടറുകൾ, ടെയിൽ ലാമ്പുകൾ, ബ്രേക്ക് ലൈറ്റുകൾ, ഹസാർഡ് ലൈറ്റുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കണമെന്നും ഹൈവേയിൽ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വലിയ പിഴയും ശക്തമായ നിയമനടപടിയും കൊണ്ടുവരണമെന്നും ഷറഫുദ്ദീൻ പറഞ്ഞു.


ഫെയ്സ്ബുക്ക് കുറിപ്പ്


ഇന്ന് കേരളത്തിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ വളരെ ഗൗരവമായി ചോദിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ദേശീയപാതകളിൽ, പ്രത്യേകിച്ച് ദീർഘദൂര സർവീസ് നടത്തുന്ന നാഷണൽ പെർമിറ്റ് ലോറികളും ട്രക്കുകളും, രാത്രിയിൽ യാതൊരു മുന്നറിയിപ്പ് സിഗ്നലുകളും നൽകാതെ റോഡരികിലും ചിലപ്പോൾ റോഡിന്റെ ഭാഗം കയ്യേറിയും പാർക്ക് ചെയ്യുന്നത് പതിവായി കാണുന്ന കാഴ്ചയാണ്.


പല വാഹനങ്ങളിലും ശരിയായ റിഫ്ലക്ടറുകൾ ഇല്ല, ടെയിൽ ലാമ്പുകൾ പ്രവർത്തിക്കുന്നില്ല, ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നില്ല, പാർക്ക് ചെയ്തിരിക്കുന്ന വാഹനം ദൂരെ നിന്ന് തിരിച്ചറിയാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളുമില്ല. രാത്രിയിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുന്നിൽ ഇത്തരത്തിൽ ഒരു വലിയ ട്രക്ക് ഇരുട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് ഒരു അപകടക്കെണിക്ക് തുല്യമാണ്. ഇത് ഒരു ചെറിയ ട്രാഫിക് നിയമലംഘനമായി കാണരുത്. മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ അശ്രദ്ധയായി തന്നെ കാണണം.


കേരള സർക്കാരിനോടും മോട്ടോർ വാഹന വകുപ്പിനോടും പോലീസിനോടും അഭ്യർത്ഥിക്കുന്നു: നാഷണൽ പെർമിറ്റ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ റിഫ്ലക്ടറുകൾ, ടെയിൽ ലാമ്പുകൾ, ബ്രേക്ക് ലൈറ്റുകൾ, ഹസാർഡ് ലൈറ്റുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കണം. ഹൈവേയിൽ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വലിയ പിഴയും ശക്തമായ നിയമനടപടിയും കൊണ്ടുവരണം. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റിനെതിരെയും നടപടി ഉണ്ടാകണം. ഇന്ത്യ മുഴുവൻ ഇത് കർശനമായി നടപ്പാക്കേണ്ടതാണ്. കുറഞ്ഞത് കേരളത്തിലെങ്കിലും നമുക്ക് ഇത് ശക്തമായി ആരംഭിക്കാം. ഒരു പരിശോധനയും ഒരു പിഴയും ഒരാളുടെ ജീവൻ രക്ഷിക്കുമെങ്കിൽ, അത് നടപ്പാക്കാൻ ഒരു അപകടം കൂടി കാത്തിരിക്കേണ്ടതില്ല. റോഡിൽ ഒരാളുടെ അശ്രദ്ധയ്ക്ക് മറ്റൊരാളുടെ ജീവൻ വിലയാകരുത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home