ad
Deshabhimani

കിളിമഞ്ചാരോയുടെ നെറുകയിൽ തൊട്ടു

മികവോടെ നയിക്കും ഇനി കാസർകോടിനെ

അർജുൻ പാണ്ഡ്യൻ മാരത്തൺ ഓട്ടത്തിനിടെ
വെബ് ഡെസ്ക്

Published on Feb 28, 2026, 03:00 PM | 1 min read

കാസർകോട്‌

പഠിക്കുമ്പോഴും അവധിക്കാലത്തും ജീപ്പിൽ ക്ലീനറായി കറങ്ങി നടന്നവനാണ്‌. മുതിർന്നപ്പോൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി ഡ്രൈവർ കുപ്പായവുമിട്ടു. എന്നാലിപ്പോൾ കലക്ടറായി തൃശൂരിൽനിന്ന്‌ കാസർകോടേക്കെത്തുകയാണ്‌. ​ആഫ്രിക്കയിലെ കിളിമഞ്ജാരോ പര്‍വതത്തിന്റെ നെറുകയിലെത്തി ഇന്ത്യൻ പതാകയുയർത്തിയ പർവതാരോഹകനാണ്‌ പുതിയ കലക്ടർ അർജുൻ പാണ്ഡ്യൻ. ഇ‍ൗ പർവതത്തിലെ 5895 മീറ്റര്‍ ഉയരമുള്ള ഉഹുറു കൊടുമുടി കാല്‍ക്കീഴിലാക്കിയ ആദ്യ ഐഎസ്‌എസുകാരൻ. യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഇന്ത്യ–-പാക് അതിര്‍ത്തിയില്‍ ലഡാക്കിലെ മൗണ്ട് നണ്‍, ഉത്തരഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ- 2 (ഡികെഡി- 2) കൊടുമുടികളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച കലക്ടറെന്ന ബഹുമതി നേടിയതിനു പിന്നാലെയാണ്‌ അർജുൻ കാസർകോട്ടെത്തുന്നത്‌. ഒന്നര വർഷമായി തൃശൂർ കലക്ടറാണ്‌. സാന്പത്തിക പ്രതിസന്ധികളോടും പരാധീനതകളോടും പടവെട്ടിയാണ്‌ അർജുൻ നേട്ടങ്ങളെല്ലാം കൈയെത്തിപ്പിടിച്ചത്‌. ഇടുക്കി ഏലപ്പാറ ബോണാമി കാവക്കുളം പുതുവലിലെ ഏലം കർഷകനായ പാണ്ഡ്യന്റെയും അങ്കണവാടി വർക്കറായ ഉഷാകുമാരിയുടെയും മകനായി ജനനം. കുട്ടിക്കാനം സെന്റ് പയസ് സ്കൂൾ, പീരുമേട് മരിയഗിരി സ്കൂൾ, കിളിമാനൂർ ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജിൽനിന്ന്‌ ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ബിടെക് ബിരുദം. കൊച്ചി ടിസിഎസിൽ സിസ്റ്റംസ് എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് സിവിൽ സർവീസ്‌ മോഹമുണ്ടായത്‌. 2014ൽ ജോലി രാജിവച്ച് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. 2017ൽ 248–ാം റാങ്കോടെ സിവിൽ സർവീസ്‌ നേടി. കണ്ണൂർ അസി. കലക്ടറായി തുടക്കം. ലേബർ കമീഷണർ, ഒറ്റപ്പാലം, മാനന്തവാടി സബ് കലക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡവലപ്‌മെന്റ് കമീഷണർ, റവന്യൂ വകുപ്പ് ജോയിന്റ് കമീഷണർ, സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു. ഡോ. അനുവാണ് ഭാര്യ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home