ഏണിയാർപ്പിൽ തലപ്പൊക്കത്തിൽ ലൈഫ്‌ ഗ്രാമം

ഏണിയാർപ്പിൽ സംസ്ഥാന സർക്കാർ പതിച്ചുനൽകിയ 14 ഏക്കറിൽ  ലൈഫ്‌ പദ്ധതിയിൽ പൂർത്തിയാക്കിയ 
വീടുകളുടെ ആകാശദൃശ്യം
avatar
കെ സി ലൈജുമോൻ

Published on Dec 03, 2025, 03:00 AM | 1 min read

കാസർകോട്‌ മൂന്ന്‌ സെന്റ്‌ മണ്ണും അതിലൊരു സുന്ദരമായ കുഞ്ഞുവീടും സർക്കാർ പണിതുനൽകി. രണ്ടും മൂന്നുമല്ല, 120 വീടുകളാണ്‌ ഏണിയാർപ്പിൽ ഉയർന്നത്‌. കയറിക്കിടക്കാൻ അന്നോളം കൂരപോലുമില്ലാതിരുന്ന, വാടകവീടുകളിൽ അഭയം തേടിയിരുന്ന വീട്ടുകാരെല്ലാം ചേർന്ന്‌ ആ ഗ്രാമത്തിന്‌ ‘ലൈഫ്‌ ഹ‍ൗസ്‌ വില്ല’യെന്ന്‌ പേരിട്ടു. ഏണിയാർപ്പിലെത്തുന്ന ആർക്കും ‘ലൈഫ്‌ ഹ‍ൗസ്‌ വില്ല’യെന്ന ബോർഡ്‌ കാണാം. ആ കുഞ്ഞുബോർഡ്‌ തലചായ്‌ക്കാനിടം തന്ന സർക്കാരിനോടുള്ള നന്ദിയുടെ അടയാളമാണ്‌. 14 ഏക്കർ റവന്യു ഭൂമിയാണ്‌ ലൈഫ്‌ ഭവനപദ്ധതിക്കായി ബേള വില്ലേജിലെ ഏണിയാർപ്പിൽ അനുവദിച്ചത്‌. 413 കുടുംബങ്ങൾക്ക്‌ നൽകാൻ മൂന്നുസെന്റ്‌ ഭൂമി വീതമാണ്‌ സർക്കാർ നൽകിയത്‌. നിലവിൽ 47 കുടുംബം താമസം തുടങ്ങി. തലചായ്‌ക്കാൻ ഇടമില്ലാതെ കുടുംബവീട്ടിലും വാടക വീട്ടിലും കൂരയിലും ജീവിതം തള്ളിനീക്കി കഴിഞ്ഞിരുന്ന കുടുംബങ്ങൾക്കാണ്‌ സംസ്ഥാന സർക്കാർ കൈത്താങ്ങായി മാറിയത്‌. മിക്കവരും കൂട്ടുകുടുംബമായാണ്‌ കഴിയുന്നത്‌. തൊഴിലുറപ്പ്‌ തൊഴിലിന്‌ പോകുന്നവരാണ്‌ സ്‌ത്രീകളിലേറെയും. താമസക്കാരെത്തിയില്ലെങ്കിലും നിർമാണം പൂർത്തിയായ 73 വീടുകൾ വേറെയുമുണ്ട്‌. അമ്പതോളം വീടുകളുടെ പണിയും നടക്കുന്നുണ്ട്‌. ബദിയടുക്ക പഞ്ചായത്തിലെ 18–ാം വാർഡിലാണ്‌ ലൈഫ്‌ വില്ല. പഞ്ചായത്ത്‌ മുൻകൈയെടുത്ത്‌ റോഡും വെള്ളവും ചുറ്റുമതിലും ഉൾപ്പെടെയുള്ള അടിസ്ഥാന സ‍ൗകര്യങ്ങൾ ഒരുക്കണമെന്ന്‌ പലതവണ ആവശ്യപ്പെട്ടെങ്കിലും തിരിഞ്ഞുപോലും നോക്കിയില്ലെന്ന്‌ ഇവിടുത്തുകാർ ഒന്നടങ്കം പറയുന്നു. വലിയഫ്ലാറ്റുള്ളവർപോലും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച്‌ ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്നും ഇത്തരക്കാരെ ഒഴിവാക്കി അർഹരായവർക്ക്‌ ഭൂമിയും വീടും നൽകണമെന്ന ആവശ്യവും താമസക്കാർ ഉന്നയിക്കുന്നു. നീണ്ടുകിടക്കുന്ന ഭൂമിയിലേക്കുള്ള റോഡും വീട്ടിലേക്കുമുള്ള നടപ്പാതയും അളന്നുതിരിച്ച്‌ നൽകിയിട്ടില്ല. 14 ഏക്കറിനെയും സുരക്ഷിതമാക്കുംവിധം ചുറ്റുമതിലും വേണം. ജലജീവൻ മിഷൻ വാട്ടർ ടാങ്കിന്റെ പണിയും പൂർത്തിയാക്കി. രണ്ട്‌ കുഴൽകിണറും നിലവിലുണ്ട്‌. ഇനി എല്ലാ വീട്ടിലേക്കും പൈപ്പ്‌ ലൈൻ സ്ഥാപിച്ച്‌ കുടിവെള്ള സൗകര്യമൊരുക്കണം. വോൾട്ടേജ്‌ ക്ഷാമം പരിഹരിക്കാൻ വില്ലയിൽ ട്രാൻസ്‌ഫോർമറും വേണം. ഹൈമാസ്‌റ്റ്‌ വിളക്കും ആവശ്യമാണ്‌. താമസക്കാരിൽ ഭൂരിഭാഗവും സ്‌ത്രീകളായതിനാൽ ഉപജീവന മാർഗമായി സ്വയംതൊഴിൽ പദ്ധതികളും ആവശ്യമാണ്‌. അങ്കണവാടിയും വായനശാലയും കളിസ്ഥലവും ഉറപ്പാക്കണമെന്ന ആവശ്യവും താമസക്കാർ ഉയർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home