പെരിയയുടെ പാൽക്കാരൻ

പെരിയ ഉത്തം ബംഗാളിന്റെ പുത്രനാണെങ്കിലും പെരിയ ഗ്രാമത്തിന് പ്രിയങ്കരനാണ്. പാൽ പാത്രവുമായി പാല്‍പുഞ്ചിരി തീർത്താണ് നാട്ടുവഴികളിലൂടെ ഉത്തമിന്റെ യാത്ര. പെരിയ വയറവള്ളിയില്‍ ഭാര്യ മീനുത്തിക്കും ഇളയമകന്‍ ബിനുവിനുമൊപ്പം വാടക വീട്ടിൽ താമസിക്കുന്ന ഉത്തമിന്റെ ദിനചര്യ ആരംഭിക്കുന്നത് പാല്‍ വിതരണത്തോടെയാണ്. വീടിനോടുചേര്‍ന്ന തൊഴുത്തില്‍ മൂന്ന് പശുക്കളും രണ്ട് കിടാങ്ങളുമുണ്ട്. ഉത്തമും മീനുത്തിയും അതിരാവിലെ എഴുന്നേറ്റ് പശുവിനെ കറക്കും. തുടര്‍ന്ന് ഉത്തം സൈക്കിളില്‍ സഞ്ചരിച്ച് പാല്‍ വിതരണം ആരംഭിക്കും. പെരിയ ബസാറിലെ ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിലേക്കും പരിസരത്തെ വീടുകളിലേക്കുമാണ് പാല്‍ എത്തിക്കുന്നത്. തിരിച്ചുവരുന്പോള്‍ പശുക്കള്‍ക്കായി പറന്പുകളില്‍നിന്ന് പുല്ലരിഞ്ഞ് കെട്ടാക്കി സൈക്കിളില്‍ കയറ്റികൊണ്ടുവരും. വൈകിട്ടും സമീപവീടുകളില്‍ പാല്‍ വിതരണമുണ്ട്. ദിവസവും 15 ലിറ്ററും അതിലധികവും പാല്‍ ലഭിക്കുന്നുണ്ടെന്ന് ഉത്തം പറഞ്ഞു. ഇതില്‍നിന്നുള്ള വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. 18 വര്‍ഷം മുന്പാണ് ഉത്തമും ഭാര്യ മീനുത്തിയും മക്കളോടൊപ്പം ബംഗാളില്‍നിന്ന് പെരിയയിലെത്തിയത്. ജോലിക്കും താമസിക്കാന്‍ ഇടത്തിനുമായി അലയുന്നതിനിടെ പയറ്റിച്ചാലിലെ രോഹിണി ഇവരെ കണ്ടെത്തുകയും താമസിക്കാന്‍ പഴയ വീട് വിട്ടുകൊടുക്കുകയുംചെയ്തു. സ്ഥലം നോക്കി നടത്താനുള്ള ചുമതല ഉത്തമിനെയും മീനുത്തിയെയും ഏല്‍പ്പിച്ചു. പശുക്കളെ വളര്‍ത്തുന്നതിനുപുറമെ പറന്പില്‍ വാഴയും കപ്പയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഉത്തമിന്റെയും മീനുത്തിയുടെയും മകള്‍ ഇരുപതുകാരിയായ മാധവി വിവാഹിതയായി ഡല്‍ഹിയിലാണ്. പതിനെട്ടുകാരനായ മകന്‍ ബിനു പെരിയയില്‍ തേപ്പ് ജോലി ചെയ്യുന്നു. രണ്ട് വര്‍ഷം കൂടുന്പോള്‍ ഇവര്‍ ബംഗാളിലെ കൊല്‍ക്കത്തയിലുള്ള തറവാട് വീട്ടിലേക്ക് പോകും. ദുര്‍ഗാപൂജയില്‍ പങ്കെടുത്ത് 12 ദിവസത്തിന് ശേഷമാണ് മടങ്ങുക. പെരിയ ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റ് ഷാജീവന്‍ ആയന്പാറയും സെക്രട്ടറി എന്‍ ലതയും ഉത്തമിന് പശു പരിപാലനത്തിന് ആവശ്യമായ സഹായം നല്‍കുന്നു.










0 comments