അവർ വളരും; ലോകത്തോളം

കാസർകോട്
‘‘എല്ലാ മക്കളും ഓടിച്ചാടി നടക്കുമ്പോ എന്റെ മോനൊന്ന് എണീറ്റു നിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആശിക്കാറുണ്ട്. നടക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ് അവന ഇങ്ങട്ട് കൊണ്ടുവന്നത്. രണ്ടാഴ്ചയ്‌ക്കകം ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇപ്പൊ അവന് പ്രകടമായ മാറ്റമുണ്ട്. ഡവലപ്പ്മെന്റ് തെറാപ്പിയും ഫിസിയോതെറാപ്പിയുമാണ് അവനു നൽകുന്നേ. ജോലി വേണ്ടെന്ന് വച്ച് അവന്റെ ചികിത്സ മുടങ്ങാതെ ശ്രദ്ധിക്കുന്നുണ്ട്. അവൻ മറ്റു കുട്ടികളെപോലെ ആയാൽ അതിനപ്പുറം എനിക്ക് മറ്റൊുന്നുമില്ല’’– ആതിര പറയുമ്പോൾ കണ്ണീരാൽ നനഞ്ഞ് വാക്കുകൾക്ക് പതറുന്നുണ്ട്. ഇടയ്‌ക്കൊക്കെ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവർ കണ്ണ് തുടയ്‌ക്കുന്നുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ സഹജീവനം സ്നേഹഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട കുഞ്ഞിന്റെ അമ്മയാണ് ആതിര. ‘‘രണ്ട് വയസ് മുതൽ മോൾക്ക് പല സ്ഥലങ്ങളിലും തെറാപ്പി ചെയ്തുവരുന്നുണ്ട്.. ഇപ്പോ ആറു വയസായി. കൈയിലെ പണവും മനസ്സിലെ പ്രതീക്ഷയും തീർന്നപ്പോൾ ഈ സ്ഥാപനത്തേക്കുറിച്ച് കേട്ടറിഞ്ഞ് വന്നതാണ്. ഒമ്പത് മാസമായി ഇവിടെ ചികിത്സ നടത്തുന്നു. ഒരിടത്ത് അടങ്ങിയിരിക്കാത്ത, ഹൈപ്പർ ആക്റ്റീവ് ആയിരുന്ന മോൾ ഇപ്പോൾ നല്ല മിടുക്കിയായി മാറിയിട്ടുണ്ടെന്ന് ടീച്ചർ പറഞ്ഞു’’– ഗ്രീഷ്മയെന്ന അമ്മയുടെ വാക്കുകളിൽ പുതിയ പ്രതീക്ഷകളുടെ ഉത്സാഹമുണ്ട്. ഇങ്ങനെ പലരും പങ്കുവച്ച പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സംഗമമായി മുളിയാർ മുതലപ്പാറയിലെ എൻഡോസൽഫാൻ പുനരധിവാസ ഗ്രാമം. സ്നേഹഗ്രാമത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കുടുംബ സംഗമം ഒരുക്കിയത്. എല്ലായിടത്തും ഒറ്റപ്പെടുമായിരുന്ന കുട്ടികൾക്ക് അതേ പ്രയാസങ്ങൾ അനുഭവിക്കുന്ന കൂട്ടായ്മയിൽ പുതുജീവിതം ഒരുങ്ങിയതിന്റെ ആഹ്ലാദം സംഗത്തിൽ അലയടിച്ചു. സ്നേഹഗ്രാമത്തിൽ 279 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 259 പേർക്ക് തുടർചികിത്സ നൽകുന്നു. പ്രതിദിനം നാൽപതോളം രോഗികൾ വിവിധ തെറാപ്പികൾക്കായി എത്തുന്നു. ഒരു കുഞ്ഞിന് കുറഞ്ഞത് മൂന്ന് വിഭാഗങ്ങളിൽ ഓരോ തവണയും തെറാപ്പി ചെയ്യുന്നു. സംഗമത്തിൽ പ്രോജക്ട് മാനേജർ പി സുരേശൻ അധ്യക്ഷനായി. സുരഭി എസ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. തെറാപ്പിസ്റ്റുമാരായ എം ഷന്മ, കെ സാജിറ, സപ്ന സൂസൻ ജേക്കബ്, എ ശില്പ, കെ മനീഷ എന്നിവർ വകുപ്പുതല റിപ്പോർട്ട് അവതരിപ്പിച്ചു. സ്പീച്ച് തെറാപ്പിസ്റ്റ് കെ മനീഷ നന്ദി പറഞ്ഞു.








0 comments