ad
Deshabhimani

എല്ലാവരും സുഖം പ്രാപിച്ചു 5 കുട്ടികൾ ഉൾപ്പെടെ 6 പേർക്ക്‌ 
ഷിഗല്ല സ്ഥിരീകരിച്ചു

ചാത്തമത്ത് ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് നീലേശ്വരം നഗരസഭയിൽചേർന്ന അടിയന്തര ആർആർടി യോഗത്തിൽ ചെയർമാൻ പി പി മുഹമ്മദ് റാഫി സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 23, 2026, 03:00 AM | 1 min read

നീലേശ്വരം/അജാനൂർ ചാത്തമത്തും അജാനൂരിലുമായി അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു. ചാത്തമത്ത് കഴിഞ്ഞയാഴ്‌ചയുണ്ടായ ഭക്ഷ്യവിഷബാധയെതുടർന്ന് ചികിത്സതേടിയവരിൽനിന്ന്‌ പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ്‌ 5 പേർക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചത്‌. ഇതിൽ നാലുപേർ കുട്ടികളാണ്‌. എല്ലാവരും സുഖം പ്രാപിച്ചു. അജാനൂരിൽ തീരദേശത്ത്‌ രണ്ടു കുട്ടികളിലാണ്‌ ഷിഗെല്ല ലക്ഷണം കണ്ടത്‌. സഹോദരങ്ങളായ ഇവരിൽ ഒരാൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇ‍ൗ കുട്ടിയും സുഖം പ്രാപിച്ചു. നീലേശ്വരം നഗരസഭയുടെയും അജാനൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഉ‍ൗർജിതമാക്കി. കണ്ണൂരിലെ റീജണൽ പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. തുടർന്ന് നീലേശ്വരം നഗരസഭയിൽ അടിയന്തര റാപ്പിഡ് റെസ്പോൺസ് ടീം യോഗംചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പ്രതിരോധ പദ്ധതികൾ ആസൂത്രണംചെയ്തു. നീലേശ്വരം നഗരസഭയുടെ 12, 13, 14, 15 വാർഡുകളിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്തും. ചാത്തമത്ത് എയുപി സ്കൂളിൽ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ച് ബോധവൽക്കരണംനടത്തും. വ്യാഴം വൈകിട്ട് 5ന് ചാത്തമത്ത് വിവിധ സംഘടനകളെയും ക്ലബുകളെയും രാഷ്ട്രീയ പാർടികളെയും ഉൾപ്പെടുത്തി വിപുലമായ ബോധവൽക്കരണം സംഘടിപ്പിക്കും. പ്രദേശത്തുള്ള മുഴുവൻ വീടുകളിലും ജെഎച്ച്‌ഐമാർ, ജെപിഎച്ച്എൻമാർ, എംഎൽഎസ്‌പിമാർ, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സർവൈലൻസ് പ്രവർത്തനങ്ങൾ നടത്തും. രോഗബാധയുണ്ടായ മുഴുവൻ ആളുകളുടെയും വീടുകളിൽ, മറ്റാർക്കെങ്കിലും അസുഖം വരുന്നുണ്ടോ എന്ന് വരുന്ന രണ്ടാഴ്ചക്കാലത്തേക്ക് എല്ലാ ദിവസവും മോണിറ്ററിങ്‌ നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ടി രേഖ നീലേശ്വരം താലൂക്ക് ആശുപത്രി സന്ദർശിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പുതിയ കേസുകൾ വരാതിരിക്കുന്നതിനാണ്‌ മുൻകരുതലെന്നും ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തില്‍ തീരദേശത്ത്‌ പ്രതിരോധനടപടികള്‍ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home