നീലേശ്വരം രാജാ റോഡ് വികസനം
ഭൂമി ഏറ്റെടുക്കാനുള്ള 15.85 കോടി കൈമാറി

നീലേശ്വരം രാജാ റോഡ്

സ്വന്തം ലേഖകൻ
Published on Apr 21, 2026, 02:35 AM | 1 min read
നീലേശ്വരം
നീലേശ്വരം നഗര വികസന ചരിത്രത്തില്‍ നാഴികകല്ലായി മാറുന്ന നീലേശ്വരം രാജാറോഡ് വികസന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ 15.85 കോടി രൂപ കിഫ്ബി പദ്ധതി നിര്‍വഹണം നടത്തുന്ന കെആര്‍എഫ്ബി മുഖേന റവന്യൂ വകുപ്പിന് കൈമാറി. റോഡ് വികസനത്തിനാവശ്യമായ ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതിനുള്ള 19/1 നോട്ടിഫിക്കേഷന്‍ റവന്യൂ വകുപ്പ് ഉടന്‍ പുറത്തിറക്കും. ഇതോടെ ഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഭൂവുടമകള്‍ക്ക് പുറമെ അംഗീകൃത വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെയാണ് തുക നല്‍കിയത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജാ റോഡിന്റെ ആധുനികവൽക്കരണം യാഥാർഥ്യമാവുകയാണ്. രാജാ റോഡിന് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്ന ഘട്ടത്തിൽ നേരത്തെ അനുവദിച്ച 9.15 കോടി രൂപ മതിയാവാതെ വരികയും ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ 17 കോടി രൂപയും എൽഎ കണ്ടിജൻസി ചാർജ് ഇനത്തിൽ 50 ലക്ഷം രൂപയും ആവശ്യമായിവന്നു. ഇതിന് പുറമേ റേറ്റ് പരിഷ്കരണത്തിന്റെ ഭാഗമായി റോഡ് നിർമാണത്തിന് അനുവദിച്ച 6.26 കോടി രൂപ 8.39 കോടി രൂപയായും കെഎസ്ഇബിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി അനുവദിച്ചിരുന്ന 50 ലക്ഷം രൂപ 51.49 ലക്ഷം രൂപയായും വാട്ടർ അതോറിറ്റിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 2.98 ലക്ഷം രൂപയും ജിഎസ്‌ടി പരിഷ്കരണത്തിലെ വ്യതിയാനംവന്ന തുകയുൾപ്പെടെ പ്രവൃത്തിക്ക് നേരത്തെ അനുവദിച്ച 16.72 കോടി രൂപ 27.94 കോടി വർധിച്ചു. ഇതെല്ലാമുൾപ്പെടുത്തിയാണ് കിഫ്ബി മൊത്തം പദ്ധതിതുകയായ 52.13 കോടി രൂപയ്ക്ക് പുതുക്കിയ സാമ്പത്തികാനുമതി നൽകിയത്. കെആർഎഫ്ബി മുഖേന നടപ്പാക്കുന്ന പ്രവൃത്തിയിൽ 1.680 കിലോമീറ്റർ റോഡാണ് അഭിവൃദ്ധിപ്പെടുത്തുന്നത്. ഇതിൽ 1.3 കി.മീ. 13.60 വീതിയിൽ നിർമിക്കുന്ന റോഡിൽ 7 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.5 മീറ്റർ പേവ്ഡ് ഷോൾഡർ, ഡ്രയിനേജ്, കൽവർട്ടുകൾ, യൂട്ടിലിറ്റി ഡക്ട്, നടപ്പാത എന്നിവ നിർമിക്കും. എം രാജഗോപാലൻ എംഎൽഎയുടെ നിരന്തര ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കിയത്.










0 comments