ad
Deshabhimani

മെയ്‌ഡ്‌ ഇൻ കാഞ്ഞങ്ങാട്‌ എല്ലാം പിടിച്ചെടുക്കാൻ, സിലിസിയത്തിന്റെ 5 ജി ആംപ്ലിഫയര്‍

​‘സിലിസിയം ’സർക്യൂട്സ്‌ രൂപപ്പെടുത്തിയ  5 ജി  ലോ നോയിസ് ആംപ്ലിഫയർ
avatar
ടി കെ നാരായണൻ

Published on Oct 20, 2025, 03:00 AM | 2 min read

കാഞ്ഞങ്ങാട്‌ കേരള സ്‌റ്റാർട്‌ അപ്‌ മിഷനിൽ രജിസ്‌റ്റർ ചെയ്‌ത കാഞ്ഞങ്ങാട്ടെ കന്പനി ഇന്ത്യക്ക്‌ അഭിമാനമാകുന്നു. തികച്ചും മെയ്‌ഡ്‌ ഇൻ കാഞ്ഞങ്ങാട്‌ എന്ന്‌ വിളിക്കാവുന്ന ‘സിലിസിയം ’സർക്യൂട്സാണ്‌ രാജ്യത്ത്‌ ആദ്യമായി 5 ജി ലോ നോയിസ് ആംപ്ലിഫയർ വികസിപ്പിച്ച്‌ മികച്ച സംരംഭകരുടെ പട്ടികയിൽപ്പെട്ടത്‌. ശക്തികുറഞ്ഞ 5 ജി സിഗ്നലുകളുള്ള ഇടങ്ങളില്‍ സിഗ്നൽ കണ്ടെത്തി നെറ്റ്‌വർക്ക്‌ ലഭ്യമാക്കാൻ കഴിവുള്ള ചിപ്പ്‌ വികസിപ്പിക്കുകയായിരുന്നു സിലിസിയം സർക്യൂട്ട്സ്. ഇലക്ട്രോണിക്സ്, ഐടി മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് സെമികണ്ടക്ടറുകൾ. ഇന്ത്യയിൽ ആവശ്യമായ സെമികണ്ടക്ടർ സംവിധാനങ്ങളിൽ നല്ലൊരുപങ്കും മറ്റ്‌ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. എന്നാൽ കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ കാഞ്ഞങ്ങാട്ട് രജിസ്റ്റർ ചെയ്‌ത്‌ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇ‍ൗ കമ്പനിയാണ്‌ ഇതാദ്യമായി 5 ജി ലോ നോയിസ് ആംപ്ലിഫയർ വികസിപ്പിച്ചത്‌. കൊച്ചി രാജഗിരി എൻജിനീയറിങ്‌ കോളജിൽനിന്ന് ബിരുദം നേടിയ കമ്പനി സിഇഒ കാഞ്ഞങ്ങാട് മാലക്കല്ലിലെ റിജിൻ ജോണും സഹപാഠി കണ്ണൂർ സ്വദേശി ഡോ. അരുൺ അശോകുമാണ്‌ 5 ജി ലോ നോയിസ് ആംപ്ലിഫയർ രൂപപ്പെടുത്തിയത്‌. സിഗ്നലുകൾക്ക് ശക്തി കുറവായ സ്ഥലങ്ങളിൽപോലും മികച്ച കണക്ടിവിറ്റി ഉറപ്പുവരുത്താൻ ഈ ആംപ്ലിഫയർ ചിപ്പിന് സാധിക്കും. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രിക്ക്‌ മുന്നിൽ സെമികണ്ടക്ടർ മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങളും സാധ്യതകളും സംബന്ധിച്ച് റിജിൻ ജോൺ അവതരണം നടത്തി. ഇന്ത്യയിലും വിദേശത്തുമുള്ള സെമികണ്ടക്ടർ കമ്പനികളിൽ ഭൂരിഭാഗവും ഡിജിറ്റൽ ഡൊമെയ്‌നിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ അനലോഗ് റേഡിയോ ഫ്രീക്വൻസി, മിക്സഡ്-സിഗ്നൽ ഐപി മേഖലകളാണ് സിലിസിയം പ്രധാനമായും ലക്ഷ്യമിടുന്നത്. ശക്തിയില്ലാത്ത സിഗ്നലുകള്‍ ലഭിക്കുന്നിടത്തുപോലും മികച്ച കണക്ടിവിറ്റി നല്‍കാനും തടസമില്ലാതെ ശബ്ദസന്ദേശവും ഡാറ്റയും ലഭ്യമാക്കാനും സിലിസിയം വികസിപ്പിച്ചെടുത്ത സെമികണ്ടക്ടർ ചിപ്പ് ഉപയോഗിക്കുമ്പോൾ സാധിക്കും. ലോ ഏർത്ത് ഓർബിറ്റ് (ലിയോ) സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ചിപ്പ്‌ വികസിക്കാൻ കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയം സിലിസിയത്തിന് 7.59 കോടി രൂപയുടെ ഗ്രാൻഡ്‌ അനുവദിച്ചു. പഠനംകഴിഞ്ഞ് വർഷങ്ങളോളം ഇന്ത്യയിലും യുഎഇയിലും യുഎസിലുമായി വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തശേഷമാണ് റിജിൻ സ്വന്തമായൊരു സ്റ്റാർട്ടപ്പ് എന്ന ആശയത്തിലേക്കെത്തിയത്. ജർമനിയിൽ സെമികണ്ടക്ടർ ആർഐഎഫ്‌സി (റേഡിയോ ഫ്രീക്വൻസി ഇന്റഗ്രേറ്റഡ് സർക്യൂട്ട്) മേഖലയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ അരുൺ ചണ്ഡീഗഡിലെ ഐഎസ്ആർഒ സെമികണ്ടക്ടർ ഫൗണ്ടറിയിൽ ശാസ്ത്രജ്ഞനായി ജോലിചെയ്തുവരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home