ad
Deshabhimani

കർണാടകം മുഖം തിരിക്കുന്നു കാണിയൂർ പാത 
പ്രതീക്ഷ പാളം തെറ്റുമോ

കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ റെയില്‍പാത റൂട്ട് മാപ്പ്
avatar
എ കെ രാജേന്ദ്രന്‍

Published on Oct 06, 2025, 03:00 AM | 1 min read

രാജപുരം ഉത്തര മലബാറിന്റെ പ്രതീക്ഷയായ കാഞ്ഞങ്ങാട്- –പാണത്തൂർ- കാണിയൂർ പാത യാഥാർഥ്യമാക്കുന്ന വിഷയത്തിൽ നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാരും എംപിയും. കേന്ദ്രപദ്ധതിയില്‍ ഇടംനേടിയിട്ടും തുടർനടപടി ഒന്നുമായില്ല. മലയോര മേഖലയിലൂടെ കടന്നുപോകുന്ന പാതയുടെ ലൊക്കേഷൻ സർവേയും പൂർത്തിയായിരുന്നു. മുന്‍ എംപി പി കരുണാകരന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദംചെലുത്തി 2009-ല്‍ പദ്ധതിക്ക് അനുമതി വാങ്ങിയെങ്കിലും റെയിൽ മന്ത്രാലയം തുടർനടപടിയെടുത്തില്ല. കെഎസ്ഇബി എന്‍ജിനീയറായിരുന്ന ജോസ് കൊച്ചിക്കുന്നേലിന്റെയും മലയോര ഹൈവേ വികസന സമിതി പ്രസിഡന്റായിരുന്ന പരേതനായ ജോസഫ് കനകമൊട്ടയുടെയും മനസിലുദിച്ച ആശയമായിരുന്നു പാത. 91 കിലോമീറ്റര്‍ പാതയ്ക്ക് 1300 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 650 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി വരുന്ന 650 കോടി രൂപ കേരള-, കര്‍ണാടക സര്‍ക്കാരുകളും മുടക്കണമെന്നാണ് അനുമതി നല്‍കിയ ഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കേരളത്തിൽ 40 കിലോമീറ്റര്‍ ദൂരത്തിൽ സ്ഥലം ഏറ്റെടുക്കാനാവശ്യമായ തുകയുടെ പകുതി പണം വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിനായുള്ള സമ്മതപത്രവും സര്‍ക്കാര്‍ റെയില്‍വേയ്ക്ക് കൈമാറി. ബാക്കിവരുന്ന 51 കിലോമീറ്റര്‍ കര്‍ണാടകത്തിലാണ്‌. എന്നാല്‍ കര്‍ണാടക പാതയ്ക്ക് വലിയ താല്‍പ്പര്യം കാട്ടുന്നില്ല. ആറുമണിക്കൂറിനകം കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക്‌ എത്താനാകുന്ന രീതിയിലാണ് പാതയുടെ അലൈന്‍മെന്റ്. ദക്ഷിണമേഖല റെയില്‍വേ കണ്‍സള്‍ട്ടിങ്‌ സര്‍വേയർ ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ലൊക്കേഷൻ സർവേ. മീങ്ങോത്ത്, കൊട്ടോടി, പാണത്തൂര്‍, സുള്ള്യ, ജാല്‍സൂര്‍ എന്നിവിടങ്ങളിൽ സ്‌റ്റേഷനുകൾ നിർമിക്കുമെന്നും പദ്ധതിരേഖയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home