ഭൂമി സ്വന്തമായി മാധവന് ഇനി സ്വപ്‌നവീടൊരുങ്ങണം

എ കെ രാജേന്ദ്രൻ
Published on Aug 10, 2025, 03:00 AM | 1 min read
രാജപുരം
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മാധവന്‍ സ്വന്തം ഭൂമിയുടെ ഉടമയായി. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടായിരുന്നു മാധവന്റെ സ്വപ്നം. എന്നാല്‍ താമസിക്കുന്ന പുരയിടത്തിന് രേഖ ഇല്ലാത്തതിനാല്‍ സര്‍ക്കാറിന്റെ ഭവന പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ സാധിച്ചില്ല. 50 വര്‍ഷമായി ഭൂമി കുടുംബത്തിന്റെ കൈവശമുണ്ടെങ്കിലും പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാർ പദ്ധതിക്ക് പുറത്താണ് മാധവന്‍. പച്ചക്കട്ട കൊണ്ട് ഭിത്തിയും ഓല മേഞ്ഞ മേല്‍ക്കൂരയുമുള്ള ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് പനത്തടി പൂടംകല്ലടുക്കത്തെ ആദിവാസി വിഭാഗത്തില്‍പെട്ട മാധവനും ഭാര്യയും മൂന്ന് മക്കളും അടങ്ങിയ കുടുംബം താമസിച്ചുവന്നത്. സ്വന്തമായി റേഷന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ല. ഭവന പദ്ധതിയില്‍ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടപ്പോഴാണ് മാധവന്റെ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് അനുവദിച്ചു കിട്ടി. ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും ശരിയാക്കി. മാധവന്റെ ജീവിതാവസ്ഥ മനസ്സിലാക്കിയ പഞ്ചായത്ത് ഭരണസമിതി അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ലൈഫ് പദ്ധതിയില്‍ സ്ഥലവും വീടും അനുവദിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി വാങ്ങാനുള്ള പണം പഞ്ചായത്തിന് കണ്ടെത്താൻ സാധിക്കാത്തതിനാല്‍ ഈ പദ്ധതിയിലും മാധവന് വീട് ലഭിച്ചില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പ് കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി ലാന്‍ഡ് ട്രിബ്യൂണലിന് അപേക്ഷ നല്‍കുകയും വിഷയം കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ അധികൃതര്‍ തുടര്‍ നടപടി വേഗത്തിലാക്കി മാധവന് നാല് സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, പഞ്ചായത്തംഗം കെ കെ വേണുഗോപാല്‍ എന്നിവരോടൊപ്പം കാസര്‍കോട് ലാൻഡ് ട്രിബ്യൂണല്‍ ഓഫീസിലെത്തിയ മാധവന്‍ പട്ടയം കൈപ്പറ്റി. പട്ടയം ലഭിച്ചതോടെ ചിരകാലാഭിലാഷമായ വീട് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് മാധവന്‍. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണ് മാധവനും കുടുംബവും.









0 comments