സംരക്ഷിക്കും ഓരോ തുള്ളിയും
ചിറ്റാരിമലയിൽ സ്പ്രിങ് ഷെഡ് പദ്ധതിക്ക് അനുമതി

രാജപുരം
പ്രകൃതിയിലെ സ്രോതസ്സുകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ജലസംരക്ഷണം ഒരുക്കാനുള്ള സ്പ്രിങ് ഷെഡ് പദ്ധതിക്ക് ചിറ്റാരിമലയിൽ അനുമതിയായി. നബാർഡിന്റെ നീർത്തട വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് (സിആർഡി) നടപ്പിലാക്കുന്നതാണ് പദ്ധതി. കേരളത്തിലെ ആദ്യത്തെ ജിയോസ്പേഷ്യൽ അധിഷ്ഠിത പദ്ധതിയായാണിത്. ആസ്പിരേഷൻ ബ്ലോക്കിൽപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണസംവിധാനത്തിന്റെ ശുപാർശ അനുസരിച്ചാണ് പരപ്പ ബ്ലോക്കിലെ പനത്തടി പഞ്ചായത്തിൽ പദ്ധതിക്ക് അനുമതി ലഭ്യമായത്. അടുക്കം, മേലടുക്കം, ചാമുണ്ഡിക്കുന്ന് പ്രദേശങ്ങളിലെ 300 ഹെക്ടറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 1.07 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് മൂന്നുവർഷങ്ങളിലായി നടപ്പാക്കുക. ഇതിൽ 84 ലക്ഷം രൂപ നബാർഡ് ഗ്രാന്റും 23 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും. നീരുറവകളിലെ ജലലഭ്യത കൂട്ടുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് പ്രധാനലക്ഷ്യം. ഇതിനായി ശാസ്ത്രീയ മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവൻ വഴിയുള്ള പദ്ധതികളും സംയോജിപ്പിപ്പിക്കും. മണ്ണ് ജലസംരക്ഷണത്തിനുള്ള വിവിധ സാങ്കേതിക -ജൈവീക മുറകൾ, വനിതാ വികസനം, മനുഷ്യ വിഭവശേഷി വികസനം എന്നീ ഇനങ്ങളിലായാണ് പദ്ധതി ഫണ്ട് വിനിയോഗിക്കപ്പെടുന്നത്. പദ്ധതിയിൽപ്പെടുത്തി സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി വർഷപാതം, കാറ്റ്, താപനില തുടങ്ങിയവ മുൻകൂട്ടി അറിയാനും ദുരന്തസാധ്യത ജില്ലാ ഭരണസംവിധാനത്തിന്റെ സഹായത്തോടെ വിശകലനം ചെയ്ത് മൊബൈൽ അലർട്ട് വഴി ജനങ്ങളെ മുൻകൂട്ടി അറിയിക്കാം. ഗ്രാമ നീർത്തട സമിതി പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പദ്ധതി വ്യാഴം പകൽ 2.30 ന് അടുക്കത്ത് കലക്ടർ കെ ഇമ്പശേഖർ ഉദ്‌ഘാടനംചെയ്യും.











0 comments