ad
Deshabhimani

ഭൂമിത്രസേന പുരസ്‌കാരം തൃക്കരിപ്പൂർ ജിവിഎച്ച്‌എസ്‌എസ്സിന്‌

പാഠം മണ്ണിൽ, പുരസ്‌കാരം നാടിന്‌

തൃക്കരിപ്പൂർ ജിവിഎച്ച്‌എസ്‌എസ്‌  ഭൂമിത്രാ സേന നേതൃത്വത്തിൽ വയലോടിക്കടവിൽ കണ്ടൽ നടുന്നു
വെബ് ഡെസ്ക്

Published on Jun 01, 2026, 02:30 AM | 1 min read

തൃക്കരിപ്പൂർ

ക്ലാസ് മുറിയുടെ നാലുചുവരുകൾക്കപ്പുറം സ്കൂൾ മണ്ണിനോട് കൂട്ടുകൂടിയാൽ എന്ത് സംഭവിക്കും? അതിനുത്തരം പറയുകയാണ് തൃക്കരിപ്പൂർ വിപിപിഎംകെപിഎസ് ജിവിഎച്ച്‌എസ്‌എസ്‌. സംസ്ഥാന സർക്കാരിന്റെ ഭൂമിത്ര സേനാ പുരസ്കാരം സ്കൂളിനെ തേടിയെത്തുമ്പോൾ അത് വെറുമൊരു പുരസ്‌കാരമല്ല, മണ്ണിൽ വിയർപ്പിറ്റിച്ച തലമുറയുടെ സ്വപ്നമാണ് പൂവണിയുന്നത്. സ്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടമുണ്ടാക്കിയും, പുഴയോരത്ത്‌ കണ്ടൽ നട്ടും, പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്തുനിർത്തിയും ഈ കുട്ടികൾ പഠിച്ചത് പാഠപുസ്തകത്തിലില്ലാത്ത പരിസ്ഥിതി പാഠങ്ങളാണ്. അധ്യാപകരും കുട്ടികളും പിടിഎയും നാട്ടുകാരും ഒന്നിച്ചപ്പോൾ കൂട്ടായ്മയ്ക്ക് കിട്ടിയ അംഗീകാരമായി ഭൂമിത്ര സേനാ പുരസ്കാരം. സംസ്ഥാന പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മികച്ച സ്കൂൾ ഭൂമിത്രസേനാ യൂണിറ്റിനുള്ള പുരസ്‌കാരമാണ്‌ ലഭിച്ചത്‌. മൂന്നുവർഷമായി പരിസ്ഥിതി സംരക്ഷണം, പുനസ്ഥാപനം തുടങ്ങിയ മേഖലകളിൽ നവീനവും മാതൃകാപരവും ആയ നിരവധി പരിപാടികളാണ് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയത്. ഉറവിട മാലിന്യ സംസ്കരണത്തിനായി തദ്ദേശസ്ഥാപനങ്ങൾ വീടുകളിൽ നടപ്പിലാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് കുട്ടികൾ ഒന്പത്‌ തദ്ദേശസ്ഥാപനങ്ങളിൽപ്പെട്ട 1000 വീടുകളിൽ ശുചിത്വ ഓഡിറ്റ്‌ നടപ്പിലാക്കി റിപ്പോർട്ട്‌ സമർപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടു. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനുള്ള ബോധവൽക്കരണാർഥം കുട്ടികൾ ഒരുക്കിയ തെരുവ് നാടകാവതരണം, പക്ഷി നിരീക്ഷണ യാത്ര, ഇടയിലേക്കാട് കാവ് ശുചീകരണം, കണ്ടൽക്കാട് സംരക്ഷണ പ്രവർത്തനങ്ങൾ, തൃക്കരിപ്പൂർ ടൗണിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനായി വ്യാപാരി സംഘടനകളുമായി ചേർന്ന് സംഘടിപ്പിച്ച ക്യാമ്പയിനുകൾ എന്നിവയെല്ലാം പരിഗണിച്ചാണ് കഴിഞ്ഞ അകാദമിക വർഷത്തെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം ലഭിച്ചത്. വിഎച്ച്എസ്ഇ വിഭാഗത്തിലെ ബയോളജി അധ്യാപിക ടി സുജിതയാണ് 50 വിദ്യാർഥികൾ അടങ്ങിയ ഭൂമിത്രസേനാ ക്ലബിന്റെ കോർഡിനേറ്റർ. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ വി കെ രാജേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ എം രംജിത്ത്, ടി സി നീന, കെ വി അനിൽകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ജില്ലാ പഞ്ചായത്തംഗം എം മനു ചെയർമാനായ സ്‌കൂൾ വികസനസമിതയും പിടിഎയും പ്രവർത്തനങ്ങൾക്ക്‌ പിന്തുണയുമായുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home