ഭൂമി കൈമാറ്റം ഓൺലൈനിൽ
ഉജാർ ഉൾവാർ രാജ്യത്ത് ഒന്നാമത്

കാസർകോട്
രാജ്യത്ത് ആദ്യമായി ഭൂമി കൈമാറ്റം പൂർണമായി ഓൺലൈനിലാക്കി ഉജാർ ഉൾവാർ വില്ലേജ്. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ ‘എന്റെ ഭൂമി’ പോർട്ടലിലൂടെയാണ് ഭൂമി കൈമാറ്റം ഓൺലൈനായി നടത്തിയത്. രേഖകളെല്ലാം ഓൺലൈനായി ലഭിക്കുന്ന രാജ്യത്തെ ആദ്യ ഗ്രാമമായാണ് ഉജാർ ഉൾവാർ ചരിത്രത്തിൽ ഇടം നേടിയത്. സമ്പൂർണ ഡിജിറ്റൽ സർവേ രാജ്യത്ത് ആദ്യമായി പൂർത്തീകരിച്ചതും ഇവിടെയാണ്. കിദൂർ കൊറത്തില വീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ കെ എ യൂസഫാണ് ആദ്യമായി ഓൺലൈനായി ഭൂമി കൈമാറ്റം നടത്തിയത്. കിദൂർ പൂക്കാട്ട് ബാപ്പുഞ്ഞിയിൽനിന്നാണ് 6.17 ആർ ഭൂമി യൂസഫ് വിലയ്ക്കുവാങ്ങിയത്. ഡിജിറ്റൽ സർവേയിലൂടെ ഭൂമിയുടെ സ്കെച്ച് ആദ്യം തയ്യാറാക്കി. രജിസ്ട്രേഷൻ വകുപ്പിന്റെ ആധാരം രജിസ്ട്രേഷനും ഓൺലൈനായി പൂർത്തിയാക്കി. തുടർന്ന് വില്ലേജ് ഓഫീസിൽനിന്ന് ഓൺലൈനായി പോക്കുവരവ് നടത്തി. പോക്കുവരവ് പൂർത്തിയാകുന്നതോടെ പുതിയ ഉടമയ്ക്ക് ഭൂമിയുടെ പുതിയ സ്കെച്ച് ഓൺലൈനിൽ ലഭിക്കും. ഡിജിറ്റൽ സർവേ പൂർണമായ എല്ലാ വില്ലേജിലും ഇനി ഓൺലൈനായി ഭൂമി രജിസ്ട്രേഷൻ നടത്താനാവും. പോക്കുവരവും നടത്താം. സർവേ വകുപ്പ് ഡയറക്ടർ സാംബശിവറാവു, രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ഉജാർ ഉൾവാർ വില്ലേജ് ഓഫീസിൽ വിലയാധാര രജിസ്ട്രേഷനാണ് നടന്നത്. പോർട്ടൽ മുഖാന്തിരം റവന്യു വകുപ്പിൽനിന്നും തണ്ടപേപ്പരും സർവേ വകുപ്പിൽനിന്നും പ്രി മ്യൂട്ടേഷൻ സ്കെച്ചും ലഭിച്ചു. രജിസ്ട്രേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ ബദിയടുക്ക സബ് രജിസ്ട്രാർ വിലയാധാരം രജിസ്ട്രേഷൻ നടത്തിയത്. തുടർന്ന് ഒരുദിവസത്തിനകം വസ്തുവിന്റെ പോക്കുവരവ് നടത്തി കരമടച്ചു. കേരളത്തിൽ ആദ്യമായാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ വഴിയുള്ള ഇത്തരത്തിലുള്ള ഭൂമി രജിസ്ട്രേഷൻ. നാഷണൽ ഇൻഫാർമാറ്റിക്സ് സെന്ററാണ് പോർട്ടൽ വികസിപ്പിച്ചത്.









0 comments