മാറണം നാടിനൊപ്പം കാസർകോടിനും

കെ സി ലൈജുമോൻ
Published on Mar 09, 2026, 11:27 PM | 2 min read
കാസർകോട് ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമെന്ന ഖ്യാതിയുണ്ടെങ്കിലും പുരോഗമനമില്ലാത്ത, പതിറ്റാണ്ടുകൾ പിന്നോട്ടു നടക്കുന്ന മണ്ഡലമെന്ന പേരുദോഷവും കാസർകോടിനുണ്ട്. നാടിനുണ്ടാകുന്ന മാറ്റം എന്തെന്ന് അറിയാൻ ജനങ്ങൾക്ക് ദൂരെയൊന്നും പോകേണ്ടിവരില്ല. തൊട്ടടുത്തുള്ള ഉദുമ മണ്ഡലത്തിലുണ്ടായ വികസനം കണ്ടാൽ മാത്രം മതി. രൂപീകരിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ച മണ്ഡലം ഇപ്പോൾ മുസ്ലിംലീഗിന്റെ കുത്തകയാണ്. 1957ൽ കോൺഗ്രസിലെ കുഞ്ഞികൃഷ്‌ണൻ നായർ ചേരിപ്പാടിയാണ് ഇവിടെ നിന്ന് ആദ്യം നിയമസഭയിലെത്തിയത്. 1960ൽ കോൺഗ്രസിലെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാരും 65ൽ സ്വതന്ത്രനായ ഇ അബ്ദുൾഖാദറും 67ൽ യു പി കനിക്കുലായയും 70ൽ ബി എം അബ്ദുൾറഹ്മാനും വിജയിച്ചു. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ മുസ്ലിംലീഗിലെ ടി എ ഇബ്രാഹിം ജയിച്ചു. ഇദ്ദേഹം അന്തരിച്ച ശേഷം 1978ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ബി എം അബ്ദുൾറഹ്മാൻ ആയിരത്തിലധികം വോട്ടുകൾക്ക് ലീഗിനെ അട്ടിമറിച്ചു. 1980 മുതൽ 2011 വരെ ലീഗിലെ സി ടി അഹമ്മദലിയായിരുന്നു വിജയിച്ചത്. തുടർന്നിങ്ങോട്ട് മൂന്നുതവണയായി എൻ എ നെല്ലിക്കുന്നും. കാസർകോട് നഗരസഭയും മൊഗ്രാൽ പുത്തൂർ, മധൂർ, ചെങ്കള, ബദിയടുക്ക, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂർ പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. 2011 വരെ മുളിയാറും ദേലമ്പാടിയും കാസർകോടിന്റെ ഭാഗമായിരുന്നു. കാസർകോട് നഗരസഭ, മൊഗ്രാൽ പുത്തൂർ, ചെങ്കള പഞ്ചായത്തുകൾ യുഡിഎഫും ബദിയടുക്ക, കുമ്പഡാജെ, മധൂർ, കാറഡുക്ക, ബെള്ളൂർ പഞ്ചായത്തുകൾ ബിജെപിയും ഭരിക്കുന്നു. കുന്പഡാജെയും ബദിയടുക്കയും ഇത്തവണ യുഡിഎഫിന് നഷ്ടപ്പെട്ടവയാണ്. ബിജെപിയും ലീഗും വർഗീയത ഇളക്കിയാണ് ഇവിടെ വോട്ടുതേടുന്നത്. യുഡിഎഫ് ഭരണ കാലത്ത് സി ടി അഹമ്മദലി മന്ത്രിയായിട്ടും എടുത്തുപറയാവുന്ന വികസന പദ്ധതികൾ ഒന്നുപോലും മണ്ഡലത്തിൽ എത്തിക്കാനായില്ല. കുടിവെള്ളമില്ലാതെ വലഞ്ഞ കാസർകോട് നഗരസഭയിലെയും മധൂർ, ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ആശ്വാസം പകർന്നത് 2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാരാണ്. പതിറ്റാണ്ടുകളായി വേനൽക്കാലത്ത് ഉപ്പുവെള്ളം കുടിച്ചിരുന്ന ജനതയ്‌ക്ക് മുളിയാറും ബാവിക്കരയും ഉദുമ മണ്ഡലത്തിന്റെ ഭാഗമായപ്പോഴാണ് പ്രതീക്ഷ ചിറകുമുളച്ചത്. 2016ൽ എൽഡിഎഫ് നൽകിയ വാഗ്‌ദാനമായിരുന്നു ബാവിക്കരയിൽ സ്ഥിരം തടയണയും ഉപ്പുവെള്ളത്തിൽ നിന്നുള്ള മോചനവും. ഇത് പാലിച്ചതോടെ കാസർകോട്ട് മണ്ഡലത്തിന്റെ ഹൃദയഭാഗത്തെ ജനങ്ങൾക്കാണ് ആശ്വാസമായത്. എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ കിഫ്‌ബി, കാസർകോട് പാക്കേജ് പദ്ധതികൾ ഉപയോഗിച്ച് മണ്ഡലത്തിലെ പല സ്‌കൂളുകളും ഹൈട്ടെക്കാക്കി. മധൂർ, കാസർകോട് മല്ലികാർജുന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി. കസബ കടപ്പുറത്തെ തുറമുഖത്തിന്റെ പണിയാകട്ടെ അവസാനഘട്ടത്തിലുമാണ്. മികച്ച ടൂറിസം സൗകര്യമൊരുക്കാവുന്ന മണ്ഡലമായിട്ടും ഇതിനായി എംഎൽഎ ചെറുവിരൽ അനക്കാത്തതിന്റെ ദുരവസ്ഥയും ഇവിടെ കാണാം. ദേശീയപാതയുടെ ഒന്നാം റീച്ച് പൂർത്തിയായതോടെ കാസർകോട് നഗരം പാടെ മാറി. എന്നാൽ നഗരത്തിന്റെ വീർപ്പുമുട്ടൽ മാറ്റാൻ പുത്തൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ എംഎൽഎയോ ഇദ്ദേഹത്തിന്റെ പാർടി ഭരിക്കുന്ന നഗരസഭയോ ഒന്നും ചെയ്യാത്തതും മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയമാണ്. ഓരോ തെരഞ്ഞെടുപ്പിലും ഇവിടെ എൽഡിഎഫിന്റെ വോട്ട് വർധിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 28,323 വോട്ടാണ് എൽഡിഎഫ് നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് 36131 ആയി വർധിച്ചു. 2021ൽ 201813 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ ഇത്തവണ അത് 2,09,732 ആയി. 7920 വോട്ടർമാർ വർധിച്ചു.










0 comments