ad
Deshabhimani

കാസർകോട്‌ ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ 38 വിദ്യാർഥികളുടെ ഫലം തടഞ്ഞുവച്ചു.

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 17, 2026, 02:30 AM | 1 min read

കാസർകോട്‌

കാസർകോട്‌ ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ 38 വിദ്യാർഥികളുടെ ഫലം തടഞ്ഞുവച്ചു. പരീക്ഷാ രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്‌കൂളിന് വന്ന പിഴവിനെ തുടർന്നാണ്‌ ഫലം തടഞ്ഞുവയ്‌ക്കാനിടയാക്കിയത്‌. വിദ്യാലയത്തിൽ സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷാ വിഷയമായി തെരഞ്ഞെടുത്ത വിദ്യാർഥികളുടെ പരീക്ഷഫലമാണ് തടഞ്ഞുവച്ചത്. ഒരു വർഷം മുമ്പ് പത്താംക്ലാസ് രജിസ്ട്രേഷൻ നടത്തുമ്പോൾ വിഷയത്തിന്റെ കോഡ് സ്കൂൾ അധികൃതർ മാറി രേഖപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണം. പിഴവ് ശ്രദ്ധയിൽപ്പെട്ടത് ഇ‍ൗ ജനുവരിയിലാണ്‌. തുടർന്ന്‌ സിബിഎസ്ഇ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പിഴവ് തിരുത്താൻ അനുമതി നൽകിയില്ല. സ്കൂൾ അധികൃതർ പിന്നീട്‌ ഹൈക്കോടതിയെ സമീപിച്ചു. സ്കൂളിനെതിരെ വേണമെങ്കിൽ സിബിഎസ്ഇക്ക് നടപടി സ്വീകരിക്കാമെന്നും വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് ഹാൾ ടിക്കറ്റ് ലഭിച്ച വിദ്യാർഥികൾ പരീക്ഷയെഴുതി. എന്നാൽ പരീക്ഷ ഫലം തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഇതോടെ ഇംപ്രൂവ്മെന്റ് പരീക്ഷ, പ്ലസ്ടു പ്രവേശനം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികൾ ആശങ്കയിലായി. സംസ്കൃതം കമ്യൂണിക്കേറ്റീവ് വിഷയത്തിന്റെ കോഡ് 122 ആയിരുന്നത് കഴിഞ്ഞ വർഷം 119 ആയി മാറിയത് ശ്രദ്ധയിൽപ്പെടാത്തതാണ് പിഴവിന് കാരണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഒരു വിദ്യാർഥിക്ക് 3500 രൂപ വീതം പിഴയും ഒടുക്കിയിരുന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. സ്കൂൾ അധികൃതർക്കും സിബിഎസ്ഇക്കുമുണ്ടായ അനാസ്ഥയ്‌ക്ക്‌ വിദ്യാർഥികളെ ബലിയാടാക്കരുതെന്നും പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home