ബിജെപിയുടേത് വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടമുണ്ടാക്കൽ: ഇ പി ജയരാജൻ

എൽഡിഎഫ് പള്ളിക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
ഉദുമ കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാട് ഒന്നിക്കുമ്പോൾ അതിനെ വർഗീയ ധ്രുവീകരണമുണ്ടാക്കി ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. പള്ളിക്കര, ഉദുമ പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ബിജെപി വർഗീയത അഴിച്ചുവിടുകയാണ്. എതിർക്കുന്നവരെ കായികമായി ഇല്ലാതാക്കുകയോ, ജയിലിലടക്കുകയോ ചെയ്യുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കേണ്ട കോൺഗ്രസ് രാജ്യത്ത് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ബിഹാറിൽ അഞ്ചു സീറ്റാണ് അവർക്ക് കിട്ടിയത്. ഭരണമുള്ള കർണാടകത്തിൽ അവർ രണ്ടു തട്ടിലാണ്. കോൺഗ്രസ് വിതച്ചതാണ് ബിജെപി വളഞ്ഞ വഴിയിലൂടെ കൊയ്തെടുക്കുന്നത്. വിശാലമായ ഇടതുപക്ഷ മതനിരപേക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. നവകേരള നിർമിതിക്കായി എൽഡിഎഫ് കേരളത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് ഇ പി പറഞ്ഞു.









0 comments