പാട്ടിന് ഡിജിറ്റൽ താളം, ആനിമേഷൻ ഞൊടിയിടയിൽ
പൊളി വൈബാകും ഐടി പഠനം

കൈറ്റിന്റെ ജില്ലാ ഓഫീസിൽ പ്രൈമറി അധ്യാപക ഐസിടി പരിശീലനത്തിൽ പങ്കെടുത്തവർ

സ്വന്തം ലേഖകൻ
Published on Aug 25, 2025, 02:00 AM | 1 min read
കാസർകോട്
സ്‌കൂളിൽ തയ്യാറാക്കുന്ന ഹ്രസ്വചിത്രങ്ങൾക്ക് പശ്‌ചാത്തല സംഗീതം നൽകുന്നത് വിദ്യാർഥികൾ തന്നെയായാലോ. രാജ്യത്താദ്യമായി നിർമിതബുദ്ധിയും റോബോട്ടിക്‌സുമെല്ലാം പാഠപുസ്‌തകത്തിൽ ഇടംപിടിച്ച സംസ്ഥാനത്ത് ഡിജിറ്റൽ സംഗീതമൊരുക്കാനും കോഡിങിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കാനും പ്രൈമറി ക്ലാസിൽതന്നെ അവസരമൊരുങ്ങുന്നു. അടിസ്ഥാന സ്വരങ്ങൾ തിരിച്ചറിയാനും ഡിജിറ്റൽ ഓഡിയോ വർക്ക് സ്‌റ്റേഷനായ എൽഎംഎംഎസ് സോഫ്‌റ്റ്‌വെയറിലൂടെ പശ്‌ചാത്തല സംഗീതമൊരുക്കാനുമുള്ള പരിശീലനമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. ഐസിടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം പൂർത്തിയാകുമ്പോൾ ഇത് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാണെന്ന് പറയുകയാണ് പരിശീലനം നേടിയ പ്രൈമറി അധ്യാപകർ. സ്ക്രാച്ച് പ്രോഗ്രാമുകൾ ഉപയോഗിച്ച് ആനിമേഷനുകൾ നിർമിച്ച് നാലാംക്ലാസ്സിൽ പ്രോഗ്രാമിങ് മേഖലയിൽ പ്രവേശിക്കുന്ന കുട്ടികൾ ആറാം ക്ലാസ്സിലെത്തുമ്പോൾ സ്വന്തമായി ഗെയിം തന്നെ ഉണ്ടാക്കുന്ന തലത്തിലേയ്ക്ക് ഉയരുന്ന തരത്തിലാണ് പാഠപുസ്തകങ്ങൾ രൂപകൽപന ചെയ്‌തത്. ഡിജിറ്റൽ സംഗീതത്തിന്റെ പ്രസക്തി, സ്വതന്ത്ര സംഗീതത്തിന്റെ സാധ്യത, കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് സംഗീത പഠനത്തിന്റെ ആവശ്യകത എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് സംഗീതലോകത്തേയ്ക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്ന താളം, മ്യൂസി സ്കോർ എന്നീ സോഫ്റ്റ് വെയറുകളുടെ പഠനവും ക്ലാസ്‌മുറികളെ സംഗീതമയമാക്കും. താളം സോഫ്റ്റ് വെയർ ഉപയോഗിച്ച് ക്ലാസ് മുറികളിൽ ഡിജിറ്റൽ താളപ്പെരുക്കങ്ങൾ സൃഷ്ടിക്കുമ്പോൾ, മൂസിക് നൊട്ടേഷൻ സോഫ്റ്റ് വെയറായ മ്യൂസി സ്കോർ ഉപയോഗിച്ച് കംപ്യൂട്ടറിൽ സ്വന്തമായി ഡിജിറ്റൽ സംഗീതം നിർമിക്കാം. ഇതിലൂടെ സംഗീത നോട്ടുകൾ സ്വയം തയ്യാറാക്കുന്ന നിലയിലേയ്ക്ക് കുട്ടികൾ ഉയരും. പെൻസിൽ 2 ഡി സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ നിർമാണവും ആകാശനിരീക്ഷണത്തിനുള്ള സ്റ്റെല്ലേറിയം സോഫ്റ്റ് വെയറും ഡിജിറ്റൽ ഗ്ലോബ് സോഫ്റ്റ് വെയറായ മാർബിളും ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപയോഗിക്കുന്ന ഇ ക്യൂബ് ഇംഗ്ലീഷും പാഠപുസ്തകത്തിലുണ്ട്. സ്കൂളികളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ഉബുണ്ടു 22.04 ഓപ്പറ്റേറ്റിങ് സിസ്റ്റത്തിന്റെ ഇൻസ്റ്റലേഷനും പൂർത്തിയായി.









0 comments