സെൻസസ് സെൽഫ് എന്യൂമറേഷൻ
ലിറ്റിൽ ഇ സേവാകേന്ദ്രം തുറന്ന് വിദ്യാർഥികൾ

കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ സെൻസസ് പോർട്ടലിൽ പ്രധാനാധ്യാപികയുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നു
കുണ്ടംകുഴി
സെൻസസ് സെൽഫ് എന്യുമറേഷൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ... വീടിനടുത്ത് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുണ്ടെങ്കിൽ അവർ നിങ്ങളെ സഹായിക്കും. രാജ്യത്ത് ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനമാണ് പൊതുജനങ്ങൾ അവരുടെ വിവരങ്ങൾ സെൻസസ് പോർട്ടലിൽ സ്വയം രേഖപ്പെടുത്തുന്ന സെൽഫ് എന്യൂമറേഷൻ. ഇത് ചെയ്യാനുള്ള സമയപരിധി ചൊവ്വാഴ്‌ച അവസാനിക്കാനിരിക്കെയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ലിറ്റിൽ ഇ സേവാകേന്ദ്രവുമായി കുണ്ടംകുഴിയിലെ വിദ്യാർഥികൾ പൊതുജനങ്ങളെ സമീപിക്കുന്നത്. സെൻസസിനായി നിയോഗിക്കപ്പെട്ട എന്യൂമറേറ്റർമാർ അടുത്ത ഘട്ടത്തിൽ വീട്ടിലെത്തുമ്പോൾ ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. സ്കൂളിലെ നൂറിലേറെ അധ്യാപകരുടെയും ജീവനക്കാരുടെയും സെൽഫ് എന്യൂമറേഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ തിങ്കളാഴ്ച പൂർത്തിയാക്കി. സെൽഫ് എന്യൂമറേഷൻചെയ്യാനായി സ്കൂളിലെത്തുന്ന പൊതുജനങ്ങൾക്കും ലിറ്റിൽ ഇ സേവാകേന്ദ്രത്തിന്റെ സഹായം ലഭിക്കും. കൂടാതെ രാവിലെയും വൈകിട്ടും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അവരുടെ അടുത്തുള്ള വീടുകളിലും സെൽഫ് എന്യൂമറേഷൻചെയ്യാൻ സഹായിക്കും. പ്രഥമാധ്യാപിക കെ പ്രീതയുടെ വിവരങ്ങൾ സെൻസസ് പോർട്ടലിൽ രേഖപ്പെടുത്തിയാണ് ലിറ്റിൽ ഇ സേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.











0 comments