ആനയ്ക്ക് കോട്ടകെട്ടിയ കാറഡുക്ക

ദേലന്പാടിയിൽ വനത്തിന് നടുവിലൂടെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സൗരോർജ തൂക്കുവേലി
പി പി സതീഷ്‌കുമാർ
Published on Dec 06, 2025, 02:31 AM | 2 min read
കാസർകോട്
കാടിറങ്ങുന്ന ആനകൾക്കെതെിരെ നൂലൂപോലെ നേർത്ത കന്പികളാൽ കോട്ടകെട്ടിയ ദേശമുണ്ട് കാസർകോട്. വർഷം തോറും 16 കോടിയുടെ കൃഷിനാശം കണക്കുകളിൽ എഴുതിച്ചേർത്ത നാട്. വന്യജീവി– മനുഷ്യ സംഘർഷത്തെ മൂന്നുവർഷത്തിനിപ്പുറം ഓർമയിൽ നിന്ന് മായ്‌ച്ചുകളഞ്ഞിരിക്കുന്നു വനാതിർത്തിയിലെ അഞ്ച് പഞ്ചായത്തുകൾ. കിടങ്ങും കന്പിവേലിയും വനംവകുപ്പിന്റെ സർവസന്നാഹങ്ങളും പരാജയപ്പെട്ടിടത്താണ് പയർവള്ളി താഴേക്ക് തൂങ്ങിക്കിടക്കുന്ന പോലുള്ള സൗരവേലി കരുത്തുള്ള പ്രതിരോധമായത്. ദേലംപാടി, കുറ്റിക്കോൽ, ബേഡഡുക്ക, മുളിയാർ, കാറഡുക്ക പഞ്ചായത്തിലെ മനുഷ്യരുടെ ജീവനും ജീവനോപാധിയും കാത്തുവയ്‌ക്കുന്ന നൂതനാശയമാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ആനവേലി. ആനക്കൂട്ടമിറങ്ങി കൃഷി മുടിഞ്ഞുപോയ സങ്കടങ്ങൾക്ക് പരിഹാരം. പ്രതിരോധ മാർഗങ്ങളത്രയും പരാജയപ്പെട്ടിടത്താണ് ശാശ്വത പരിഹാരം തേടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യുവും സംഘവും ഹാസനടുത്ത് സകലേഷ്‌പുരയിലെ ആനപ്രതിരോധ വേലി കാണാൻ പോയത്. ചോളപ്പാടങ്ങൾക്ക് സൗരവേലി സുരക്ഷിത വലയമൊരുക്കിയ അനുഭവകഥകൾ അവർ കണ്ടും കേട്ടുമറിഞ്ഞു. കാട്ടാന ശല്യമുള്ള പഞ്ചായത്തുകളിലെ തദ്ദേശ ഫണ്ട് പദ്ധതിക്ക് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകി. മണ്ടക്കോൽ തലപ്പച്ചേരി മുതൽ പുലിപ്പറമ്പ് വരെ 22 കിലോമീറ്ററിലാണ് തൂക്കൂവേലി. ഇരുമ്പ് തൂണുകളിൽ രണ്ടരമീറ്റർ ഉയരത്തിൽ നിന്ന് താഴോട്ട് നൂലുപോലെ വൈദ്യുതിക്കന്പികൾ ഞാന്നുകിടക്കും. രണ്ടുകിലോമീറ്റർ തോറും ചാർജിങ് സ്‌റ്റേഷനും സോളാർ പാനലും. സ്വകാര്യഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ ഒഴികെ സദാ വൈദ്യുതി പ്രവഹിക്കും. സിംപിൾ, പവർഫുൾ കാറഡുക്ക മോഡൽ 3.13 കോടിയുടെ പദ്ധതിയുടെ നിർമിതി കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ്. ഇതുവരെ 1.95 കോടി രൂപ ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിഹിതം 1.55 കോടിയാണ്. ജില്ലാ പഞ്ചായത്ത് 10 ലക്ഷവും ആറ് പഞ്ചായത്തുകൾ ചേർന്ന് 30 ലക്ഷം രൂപയും നൽകി. ബെള്ളിപ്പാടി ഭാഗത്ത് കർണാടകയോട് ചേർന്നുള്ള ആറരകിലോമീറ്ററിലാണ് വേലി പൂർത്തിയാകാൻ ബാക്കി. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ കൂട്ടിയിണക്കിയുള്ള മാതൃകാപദ്ധതിയായി ആനവേലിയെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ദേഹത്ത് തട്ടുന്ന മാത്രയിൽ ജീവാപായമുണ്ടാക്കാത്തവിധം ഷോക്ക് ഏൽപ്പിക്കുന്ന സംവിധാനമാണിത്. വൈദ്യുതി പ്രവാഹത്തിൽ ക്ഷണമാത്രയുള്ള ഇടവേളകൾ ഉള്ളതിനാൽ ജീവന് ഭീഷണിയില്ല. വനംവകുപ്പാണ് പരിപാലനം. കേടുവന്ന തൂണുകൾ മാറ്റുന്നതല്ലാതെ ആവർത്തനച്ചെലവില്ല. പുലിപ്പറന്പിൽ നിരീക്ഷണത്തിനായി വനംവകുപ്പിന്റെ 24 മണിക്കൂർ വാച്ച് ടവറുണ്ട്. ‘‘ഇതൊക്കെ നടപ്പുള്ള കാര്യമാണോ എന്നായിരുന്നു സകലരുടെയും സംശയം. മൂന്നുവർഷത്തിനിപ്പുറം വയലുകളും തോട്ടങ്ങളും കാർഷിക സമൃദ്ധിയിലേക്ക് തിരിച്ചുവന്ന കാഴ്‌ച ആരിലും സന്തോഷമുണ്ടാക്കും’’– കാലാവധി പൂർത്തിയാക്കിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറയുന്നു.










0 comments