ആഘോഷങ്ങൾ പൊള്ളും
കുതിച്ചുയര്‍ന്ന് അരി വില; വിപണിയിൽ ഇടപെടാതെ സർക്കാർ

നീലേശ്വരം
ഓണത്തിനും നബിദിനത്തിനും ആഴ്ചകൾമാത്രം ബാക്കി നിൽക്കെ ഇത്തവണ ആഘോഷങ്ങൾക്ക് കൈപൊള്ളും. അരിക്കും പഞ്ചസാരയ്ക്കു പയർവർഗങ്ങൾക്കും വിലയിൽ ഒരു മാസത്തിനിടെ വൻ വർധനയാണുണ്ടായിരിക്കുന്നത്. സർക്കാർ വിപണിയിൽ ഇടപെടാത്തതിനാൽ വില വർധന തുടരുകയാണ്. ഏറ്റവുമധികം ഡിമാൻഡുള്ള അരികൾക്ക് അഞ്ച് രൂപ മുതൽ 12 രൂപ വരെ കൂടി. ഓണമാകുമ്പോൾ ചെലവ് കുറഞ്ഞാലും വില കുറയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പൊന്നി അരി, മട്ടയരി, ജയ, കുറുവ, സുലേഖ തുടങ്ങി ജനപ്രിയ ഇനങ്ങളുടെയെല്ലാം വിലയിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്ത വിതരണ കേന്ദ്രങ്ങളിൽ ആന്ധ്ര ജയയ്ക്ക് 42 രൂപയുണ്ടായിരുന്നത് 45 ആയി, കർണാടക വടി മട്ടയ്ക്ക് 55 രൂപയിൽനിന്ന് 58 രൂപയായി. കർണാടക പച്ചരിയുടെ വില 29.50 രൂപയിൽ നിന്ന് 32 രൂപയായും, തമിഴ്‌നാട് കുറുവയുടെ വില 34 രൂപയിൽനിന്ന് 40 രൂപയായും ഉയർന്നു. ഒഡീഷ കുറുവ അരിക്ക് 34 രൂപയായിരുന്നത് 40 രൂപയായി. ആന്ധ്ര സുലേഖയ്ക്ക് 42 രൂപയായിരുന്നത് 49 രൂപയായി. തെലങ്കാന സോന മസൂരി ഇനത്തിനാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. 45 രൂപയുണ്ടായിരുന്ന ഈ അരിയുടെ വില നിലവിൽ 65 രൂപയായാണ് കുതിച്ചുയർന്നത്. വൻഡിമാൻഡുള്ള ടൈഗർ മാർക്ക് പൊന്നി അരിക്ക് 12 രൂപയാണ് വർധിച്ചത് 45 രൂപയുണ്ടായിരുന്ന അരിക്ക് 55–57 രൂപയാണ് ഇപ്പോൾ വില. ചില്ലറ വിപണിയിൽ ഉപഭോക്താക്കൾ ഇതിലും അധികം നൽകേണ്ടി വരും. പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് രണ്ടര രൂപ കൂടി. ഇതിനേക്കാൾ ഏറെ വൻ തിരിച്ചടിയായിരിക്കുന്നത് കോഴിത്തീറ്റക്കും കാലിത്തീറ്റക്കും ഉണ്ടായ വർധനയാണ്. അഞ്ചു മുതൽ 8 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. ഇത്ര വലിയ വർധനയുണ്ടായിട്ടും സർക്കാർ വിപണിയിൽ ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാണ്.









0 comments