ad
Deshabhimani

ദേശീയപാത വികസനം നീലേശ്വരം മാർക്കറ്റിൽ ആകാശപാത 
നിർമിക്കണം: കലക്ടർ റിപ്പോർട്ട്‌ നൽകി

നീലേശ്വരം മാർക്കറ്റ്‌ ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌
വെബ് ഡെസ്ക്

Published on May 22, 2026, 03:00 AM | 1 min read

കാസർകോട് ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്‌ഷനിൽ നിലവിൽ നടന്നുവരുന്ന നിർമാണരീതി ഒഴിവാക്കി പകരം ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട്‌ കലക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിന്‌ റിപ്പോർട്ട് സമർപ്പിച്ചു. വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്‌. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർക്കാണ് വിശദമായ ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കൈമാറിയത്. നിലവിലെ രൂപരേഖ പ്രകാരം മണ്ണ് നിറച്ചുള്ള നിർമ്മാണമാണ് നടക്കുന്നത്‌. ഇത് പൂർത്തിയായാൽ നീലേശ്വരം നഗരം മൺമതിലുകളാൽ വിഭജിക്കപ്പെടുകയും ഗുരുതരമായ ഗതാഗതക്കുരുക്കിനിടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പുറം റോഡ് വരെ നിലവിൽ പദ്ധതിയിട്ടിരിക്കുന്ന മണ്ണ് നിറച്ച നിർമാണം പൂർണമായും ഒഴിവാക്കി ആകാശപാത (ഫ്‌ളൈഓവർ) നിർമിക്കാൻ ദേശീയപാത അതോറിറ്റിക്ക് അടിയന്തര നിർദേശം നൽകണം. നിലവിലുള്ള സർവീസ് റോഡുകളിൽ സ്ഥലപരിമിതി കാരണം ദിവസവും മണിക്കൂറുകളോളം കുരുക്കാണ്‌. ആകാശപാത നിർമിക്കുകയാണെങ്കിൽ സർവീസ് റോഡുകൾക്ക് കൂടുതൽ വീതി ലഭിക്കുകയും പാലത്തിന് താഴെയുള്ള വിശാലമായ സ്ഥലം പാർക്കിങിനായി ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നീലേശ്വരം പുഴയ്ക്ക് കുറുകെ 1958-ൽ നിർമിച്ച നിലവിലെ പാലം അപകടാവസ്ഥയിലാണെന്നും റിപ്പോർട്ടിലുണ്ട്‌. നിലവിലെ പദ്ധതിപ്രകാരം പഴയ പാലം നിലനിർത്തി പുതിയ മൂന്നുവരി പാലം മാത്രം നിർമിച്ചാൽ ആകെ അഞ്ചുരി ഗതാഗതം മാത്രമേ സാധ്യമാകൂ. ഇത് ഭാവിയിൽ ഗതാഗതക്കുരുക്കിനിടയാക്കും. ഇതിനാൽ പഴയ പാലം പൊളിച്ചുനീക്കി പുതിയ മൂന്നുവരിപ്പാലം കൂടി നിർമ്മിച്ച് ആറുവരി ഗതാഗത സൗകര്യം ഉറപ്പാക്കണം.കാലവർഷം മുന്നിൽക്കണ്ട് പൊതുജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും കലക്ടർ റിപ്പോർട്ടിൽ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home