നിർമാണം അവസാനഘട്ടത്തിൽ
വികസനക്കുതിപ്പേകാൻ കച്ചേരിക്കടവ് പാലം ഒരുങ്ങുന്നു

സുരേഷ് മടിക്കൈ
Published on Mar 17, 2026, 03:00 AM | 1 min read
നീലേശ്വരം
നീലേശ്വത്ത് ഗതാഗതരംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന കച്ചേരിക്കടവ് പാലം നിർമാണം അവസാനഘട്ടത്തിൽ. രാജാറോഡിനെയും ദേശീയപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മധ്യത്തിലുള്ള ഉയരം കൂടിയ ഭാഗത്ത് 55 മീറ്റർ നീളത്തിലുള്ള സ്പാൻ പണികൾ കൂടി പൂർത്തിയായാൽ നാടിന്റെ വികസന ചരിത്രത്തിലെ സുപ്രധാന എട്ടായി പാലം മാറും. അപ്രോച്ച് റോഡ് പണിയും അതിവേഗം പുരോഗമിക്കുന്നു. 9 സ്പാനുകളിലായി 181 മീറ്റർ നീളമുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള 6 സ്പാനുകൾ ഒറ്റ ദിവസം കൊണ്ടു കോൺക്രീറ്റ് ചെയ്ത് തീർത്തിരുന്നു. ഇത്രയും സ്പാനുകളുടെ കോൺക്രീറ്റ് പ്രവൃത്തി ഒറ്റ ദിവസം കൊണ്ടു പൂർത്തീകരിക്കുന്നത് അപൂർവമാണ്. ബോസ്ട്രിങ്’ മാതൃകയിൽ പണിയുന്ന ജില്ലയിലെ ആദ്യ പാലം കൂടിയാണിത്. പാലത്തിന്റെ നടുവിൽ ഉയരം കൂടിയ ഭാഗത്ത് 55 മീറ്റർ നീളത്തിലുള്ള സ്പാൻ ആണ് ‘ബോസ്ട്രിങ്’ മാതൃകയിൽ പണിയുന്നത്. 20.4 കോടി ബജറ്റിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡ് നിർമിക്കുന്ന പാലം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവും. നീലേശ്വരം നഗരസഭാ കെട്ടിടത്തിനു മുന്പിൽ നിന്നാരംഭിച്ച് നെടുങ്കണ്ടയിൽ അവസാനിക്കുന്ന പാലം യാഥാർഥ്യമാവുന്നതോടെ മാർക്കറ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. സംസ്ഥാന ജലപാതയുടെ ഭാഗമായതിനാൽ ബോട്ടുകൾക്കു പോകാൻ പറ്റുന്ന രീതിയിൽ ഉയരം കൂട്ടിയാണ് കച്ചേരിക്കടവ് പാലം നിർമിക്കുന്നത്.










0 comments