പത്തുകുടിയിലെ കുടുംബങ്ങൾ പുതുജീവിതത്തിലേക്ക്

എ കെ രാജേന്ദ്രന്‍
Published on Jun 20, 2025, 02:30 AM | 2 min read
രാജപുരം
ഇനി മഴയും വെയിലുമേൽക്കാതെ ഇവർക്ക് സുരക്ഷിതമായി അന്തിയുറങ്ങാം. കനത്ത മഴയും കാറ്റും വരുമ്പോൾ ഈ കുടുംബങ്ങൾക്ക് ആധിയായിരുന്നു. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും കല്ലപ്പള്ളി ബട്ടോളി പത്തുകുടിയിലെ പത്ത് കുടുംബങ്ങൾ നിരവധി തവണയാണ് കുടിയൊഴിഞ്ഞ് പോകേണ്ടി വന്നത്. ഓരോ മഴക്കാലത്തും റവന്യൂ അധികൃതർ വാഹനവുമായി ഇവിടേക്കെത്തും. ഇവരെ മാറ്റി പാർപ്പിക്കാൻ. ഈ പതിവ് തുടങ്ങിയിട്ട് വർഷങ്ങൾ പലതും കഴിഞ്ഞു. ഇന്നിവർക്ക് ഭീതിയില്ല. സംസ്ഥാന സർക്കാരിന്റെ തണലിൽ സുരക്ഷിതരാണ്. ഇവരുടെ സങ്കടം പനത്തടി പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്തംഗം കെ രാധകൃഷ്ണ ഗൗഡയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇവർക്ക് പുതുജീവിതം ലഭിച്ചത്. സർക്കാർ സൗജന്യമായി സ്ഥലവും അതിൽ വീട് വച്ച് നൽകുകയും ചെയ്തു. മലക്കുടിയ വിഭാഗത്തിൽപ്പെട്ട 10 ആദിവാസി കുടുംബങ്ങൾക്കാണ് കല്ലപ്പള്ളി ബട്ടോളിയിൽ സർക്കാർ വീടുകൾ ഒരുക്കിയത്. നിലവിലുള്ള വീടിന്റെ നാല് കിലോമീറ്റർ മാറി ഭാട്ടോളിയിൽ റവന്യൂ വകുപ്പ് ഒരേക്കർ ഭൂമി അനുവദിച്ചത്. അതിൽ നിന്നും കുടുംബങ്ങൾക്ക് ആറു സെന്റ് വീതമുള്ള പട്ടയവും കൈമാറി. അവിടെയാണ് പട്ടിക വർഗ വകുപ്പിന്റെ ആദിവാസി പുനരധിവാസ വികസന മിഷൻ പദ്ധതിയിൽ വീടൊരുക്കിയത്. ആറുലക്ഷം രൂപ വീതം ചെലവിലാണ് ഓരോ കുടുംബത്തിനും 560 ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾ ഒരുക്കിയത്. രണ്ടു കിടപ്പുമുറി, വരാന്ത, ഹാൾ, അടുക്കള, ശുചിമുറി, വർക്ക് ഏരിയ എന്നിവയുൾപ്പെടുന്നതാണ് വീടുകൾ. 21 ന് മന്ത്രി ഒ ആർ കേളു വീടുകൾ കൈമാറും.
ശാശ്വത പരിഹാരമായി
വർഷങ്ങളായി കല്ലപ്പള്ളി പത്തുകുടി കുടുംബങ്ങളുടെ ദുരിതം നേരിട്ട് കണ്ടറിയുന്നത് കനത്ത മഴ വന്നാൽ ഇവരെ മാറ്റി പാർപ്പിക്കുന്നത് പതിവാണ്. പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇവരുടെ പ്രശ്‌നങ്ങൾക്ക് എന്നന്നേക്കുമായി പരിഹാരം കണ്ടെത്തി. സർക്കാർ ഭൂമിയും വീടും അനുവദിച്ച് തന്നത് കൊണ്ട് വേഗത്തിൽ പരിഹാരം കണ്ടെത്താനായി.
പ്രസന്ന പ്രസാദ് , പഞ്ചായത്ത് പ്രസിഡന്റ്
സ്വപ്‌നം യാഥാർഥ്യമായി
ഏറെ കാലത്തെ കാത്തിരിപ്പിനുശേഷമാണ് ബട്ടോളിയിലെ ആദിവാസി വിഭാഗങ്ങളുടെ സ്വപ്നം യാഥാർഥ്യമാകുന്നത്. മഴക്കാലം വന്നാൽ ഇവർക്ക് സുരക്ഷിതമായി കിടന്ന് ഉറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യം പ്പെടുത്തിയതോടെ സ്ഥലവും വീടും ലഭിച്ചു. സ്ഥലം ലഭിച്ച ഉടൻ വീടും അനുവദിച്ച് കിട്ടിയത് ഇവർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യം.
അഡ്വ. കെ രാധാകൃഷ്ണ ഗൗഡ, പഞ്ചായത്തംഗം
സർക്കാരിന് നന്ദി
ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു. ഇപ്പോൾ സ്വന്തമായി സ്ഥലവും വീടും സർക്കാർ തന്നു. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചു. കനത്ത മഴ വന്നാൽ ഞങ്ങളുടെ താമസം പലപ്പോഴും കമ്യൂണിറ്റി ഹാളിലാണ്. സർക്കാർ എല്ലാം ഞങ്ങൾക്ക് തന്നു. പഞ്ചായത്തും സഹായിച്ചു. സർക്കാറിന് നന്ദിയുണ്ട്.
വെള്ളി കമ്മാടി, സ്ഥലവും വീടും ലഭിച്ച കുടുംബാംഗം










0 comments