സുള്ള്യയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

സുള്ള്യ (കർണാടക)
സുള്ള്യയിൽ കിണറ്റിൽ വീണ കാട്ടാനയെ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിൽ സാഹസികമായി രക്ഷപ്പെടുത്തി. വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ വെള്ളമില്ലാത്ത കിണറ്റിൽ വീണ കാട്ടാനയെ വനംവകുപ്പ് അധികൃതർ സാഹസികമായി രക്ഷപ്പെടുത്തി. സുള്ള്യയ്ക്ക് സമീപം കൽചർപ്പെയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വനത്തിൽ നിന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങിയ ഏകദേശം 20 വയസ് പ്രായമുള്ള ആനയാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം ഇടിച്ച് ആനയ്ക്ക് കയറിവരാൻ വഴിയൊരുക്കുകയായിരുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെത്തിക്കാനായത്. കിണറ്റിൽനിന്നും പുറത്തെത്തിയ ആന പെട്ടെന്ന് ജനവാസ കേന്ദ്രത്തിന് നേരെ ഓടിയത് കുറച്ചുനേരം പരിഭ്രാന്തി പരത്തി. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തുകയായിരുന്നു.










0 comments