ഭാര്യ ജയിച്ച വാർഡിൽ 46 വർഷത്തിനുശേഷം ഭർത്താവ് പോരാട്ടത്തിൽ ഭാര്യയാണ് മുൻഗാമി

പി കെ രമേശൻ
Published on Dec 03, 2025, 03:00 AM | 1 min read
ഭീമനടി ഭാര്യ മത്സരിച്ച് 400 വോട്ടിന് ജയിച്ച വാർഡിൽ 46 വർഷത്തിന് ശേഷമാണ് കയനി ജനാർദനന്റെ പോരാട്ടം. വെസ്റ്റ് എളേരി പഞ്ചായത്തിലെ 13ാം വാർഡായ നർക്കിലക്കാടാണ് എൽഡിഎഫ് സ്ഥാനാർഥി കയനി ജനാർദനന്റെ കൗതുകമുള്ള മത്സരം. 1979ലാണ് 25ാം വയസിൽ എളേരി വാർഡിൽ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ ജാനകി വിജയക്കൊടി പാറിച്ചത്. ഭരണസമിതിയിലെ ഏക വനിത അംഗമായിരുന്നു അവർ. വനിതകൾ പൊതുരംഗത്ത് വരാൻ മടിച്ചിരുന്ന കാലത്താണ് ഭർത്താവ് ജനാർദനന്റെയും കുടുംബത്തിന്റെയും പിന്തുണയിൽ അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച കെ ജാനകി സിപിഐഎം എളേരി ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 2001ൽ ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചതോടെ ഇടക്കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നെങ്കിലും 2022ൽ വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി. കെ ജാനകി പഞ്ചായത്ത് അംഗമായിരുന്ന പ്രദേശം ഉൾപ്പടുന്ന നർക്കിലക്കാട് വാർഡ് എൽഡിഎഫിന്റെ ഉറച്ച കോട്ടയാണ്. 2006ൽ പൊതുമരാമത്ത് വകുപ്പിൽനിന്ന് വിരമിച്ച ജനാർദനൻ മലയോരത്തിന്റെ വികസനരംഗത്ത് സജീവമാണ്. സിപിഐ എം എളേരി ഏരിയ കമ്മിറ്റി അംഗമായും നർക്കിലക്കാട് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സാന്ത്വന പരിചരണരംഗത്ത് സജീവമാണ് നാട്ടുകാർ കയനി എന്ന് സ്നേഹത്തോടെ വിളിക്കുന്ന കയനി ജനാർദ്ദനൻ.









0 comments