വേണമൊരു മാറ്റം വടക്കൻ മണ്ണിനും

ജില്ലാപഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഖദീജ മൊഗ്രാൽ ഹൊസങ്കടിയിലെ കടയിലെത്തി വോട്ടർമാരെ കാണുന്നു
കെ സി ലൈജുമോൻ
Published on Nov 27, 2025, 03:01 AM | 1 min read
ഹൊസങ്കടി ദേശീയപാത തുളുനാട്ടിൽ വരുത്തിയ മാറ്റങ്ങൾ വിശദീകരിച്ച് വോട്ടുതേടിയെത്തുന്ന എൽഡിഎഫ് സ്ഥാനാർഥി ഖദീജ മൊഗ്രാലിനെ ഇരുകൈയും നീട്ടിയാണ് അതിർത്തി ഗ്രാമവും നഗരവും വരവേൽക്കുന്നത്. പതിറ്റാണ്ടുകൾക്ക് പിന്നിൽ സഞ്ചരിക്കുന്ന മഞ്ചേശ്വരത്തെ ജില്ലയിലെ മറ്റ് ഡിവിഷനുകൾക്കൊപ്പമെത്തിക്കാനുള്ള ദൗത്യമാണ് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാപ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ഖദീജ മൊഗ്രാൽ ഏറ്റെടുത്തത്. ഇതിന് അകമഴിഞ്ഞ പിന്തുണ ജനങ്ങൾ നൽകുന്ന കാഴ്‌ചയാണ് പര്യടനത്തിലുടനീളം കാണുന്നത്. കാസർകോട് ട്രോമാകെയർ സെന്റർ വളണ്ടിയർ, ലൈബ്രറി കൗൺസിൽ അംഗം എന്നിങ്ങനെ സാമൂഹ്യപ്രവർത്തന രംഗത്തും സജീവമായ ഖദീജയിലൂടെ അട്ടിമറി വിജയമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. നാടിന്റെ ശോച്യാവസ്ഥയും വികസന മുരടിപ്പും മാത്രം ചർച്ച ചെയ്‌തുള്ള വോട്ടഭ്യർഥനയ്‌ക്ക് മികച്ച സ്വീകാര്യതയാണുള്ളത്. മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തുകളിലായി വീടുകളും സ്ഥാപനങ്ങളും കടകളും സന്ദർശിച്ച് വളരെ വേഗത്തിൽ ഡിവിഷനിലെ നിറസാന്നിധ്യമായി എൽഡിഎഫ് സ്ഥാനാർഥി മാറിക്കഴിഞ്ഞു. ബുധനാഴ്‌ച നയാബസാർ, കൈക്കന്പ, ഐല, ഉപ്പള, മണ്ണംകുഴി, ഹൊസങ്കടി തുടങ്ങിയവിടങ്ങളിലായിരുന്നു പര്യടനം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ നയാബസാർ, ഉപ്പള, കടന്പാർ, ബഡാജെ, മഞ്ചേശ്വരം ഡിവിഷനുകളാണ് ജില്ലാപഞ്ചായത്ത് ഡിവിഷന്റെ പരിധിയിലുള്ളത്.









0 comments