ദേശീയ വടംവലി ചാന്പ്യൻഷിപ്പ് ഇവർ പരപ്പയുടെ അഭിമാന താരങ്ങൾ

പരപ്പ ജമ്മു കശ്മീരിലെ കൂൽഹാമിൽ നടന്ന ദേശീയ വടംവലി ചാന്പ്യൻഷിപ്പിൽ അണ്ടർ 17, 15 വിഭാഗങ്ങളിലായി കേരളത്തിന് സ്വർണ മെഡൽ നേടിയ ടീമിലെ അംഗമായ പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഗോപികയും അനുനന്ദയും എയ്ഞ്ചൽ മരിയയും നാടിന്റെ അഭിമാനമായി. സംസ്ഥാന ടീം ക്യാപ്റ്റൻ അനുനന്ദ കെ രതീഷ്, ഗോപിക മനോജ്, എയ്ഞ്ചൽ മരിയ ജോബി എന്നിവരാണ് അഭിമാന താരങ്ങളായത്. പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഗോപിക മനോജ് അണ്ടർ 15 വിഭാഗത്തിലാണ് സ്വർണം നേടിയത്. ബാലസംഘം പരപ്പ വില്ലേജ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമാണ് ഗോപിക. പരപ്പ റേഷൻ കട ഉടമ കാരാട്ട് മനോജിന്റെയും നളിനിയുടെയും മഖളാണ്. പരപ്പ സ്കൂളിൽ നിന്നും എസ്എസ്എൽസി കഴിഞ്ഞ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ച അനുനന്ദ കെ രതീഷ് അണ്ടർ 17 വിഭാഗത്തിൽ മത്സരിച്ചാണ് ജേതാവായത്. കിഴക്കേ ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷ് കരിപ്പാടക്കത്തിന്റെയും സൗദിയിൽ ജോലി ചെയ്യുന്ന കെ എം ചിപ്പിയുടെയും മകളാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ എയ്ഞ്ചൽ മരിയ ജോബി അണ്ടർ 15 വിഭാഗത്തിലാണ് മെഡൽ നേടിയത്. പരപ്പ ടൗണിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തോടൻചാലിലെ ജോബി ജോസിന്റെയും അബിൻ ജോബിയുടെയും മകളാണ് എയ്ഞ്ചൽ. പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപിക ദീപ പ്ലക്കൽ, വടംവലി സംസ്ഥാന പരിശീലകൻ പി സി പ്രസാദ് എന്നിവരാണ് പരിശീലകർ. ഇവരുടെ പരിശീലനത്തിൽ ദേശീയ വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പരപ്പ സ്കൂളിലെ വിദ്യാർഥികളായ ആദർശ് ടി സുനിൽ അണ്ടർ 17, ഹരീഷ് രാജൻ അണ്ടർ 15 എന്നിവരും കേരള ടീം അംഗങ്ങളാണ്.











0 comments