സ്വാതി മടങ്ങി
നൊന്പരത്തിപ്പൂവായി

ഭീമനടി
അര്‍ബുദത്തിനെതിരെ പൊരുതി അതിജീവനത്തിന്റെ മാതൃകയായിരുന്നു അവൾ. നീണ്ട വർഷത്തെ പോരാട്ടത്തിനൊടുവിൽ അവൾ തോറ്റുമടങ്ങി. പോയ ഇടങ്ങളിലെല്ലാം സ്വയം അടയാളപ്പെടുത്തിയാണ് അവൾ യാത്രയാവുന്നത്. ഉറ്റവരെയും സഹപ്രവർത്തകരെയും നാട്ടുകാരെയും കണ്ണീരിലാഴ്‌ത്തിയാണ് കോടങ്കല്ലിലെ കെ വി സ്വാതി(30) വിടചൊല്ലിയത്. കണ്ണൂർ സർവകലാശാലയിൽനിന്ന് ബിഎ ഇംഗ്ലീഷിൽ ഒന്നാം റാങ്ക് നേടി എളേരിത്തട്ട് ഗവ. കോളേജിന്റെ അഭിമാനമായിരുന്നു സ്വാതി. ഉയർന്ന മാർക്കോടെ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവുംനേടി. പിന്നീട് ബിഎഡും. ചിറ്റാരിക്കൽ ബിആർസിയിലെ സിആർസി കോഡിനേറ്റർ എന്ന നിലയിൽ മികച്ച അധ്യാപികയായും അധ്യാപക പരിശീലകയായും തിളങ്ങി. നൃത്തത്തിലും കവിതാ രചനയിലും കവിതാലാപനത്തിലും മികവ് കാട്ടി. എട്ടുവർഷം മുന്പാണ് അർബുദരോഗം സ്വാതിയെ പിടിമുറുക്കുന്നത്. വർഷങ്ങളുടെ ചികിത്സയിലൂടെ രോഗം ഭേദമാക്കി അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയതാണ്. മാസങ്ങൾക്ക് മുന്പാണ് വീണ്ടും രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. സിപിഐ എം കോടംങ്കല്ല് ബ്രാഞ്ച് അംഗമായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത രാജന്റെയും കെ വി രാജന്റെയും മകളാണ്. ഭർത്താവ് രജിത്ത് പൂങ്ങോട് ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് പ്രസിഡന്റാണ്. കോടങ്കല്ലിലെ വീട്ടിൽ അന്താഞ്‌ജലിയർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്. മൂന്ന് വയസുകാരിയായ മകൾ അന്ത്യചുംബനം നൽകുന്ന കാഴ്‌ച ഏവരെയും കണ്ണീരിലാഴ്ത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ, മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, സാബു അബ്രഹാം, ഡോ. വി പി പി മുസ്തഫ, എം സുമതി, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ, നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ രാജൻ, ടി എം എ കരീം, പി ആർ ചാക്കോ, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണൻ, മാധവൻ മണിയറ, ഷാലു മാത്യു, ഏരിയ സെക്രട്ടറിമാരായ എ അപ്പുക്കുട്ടൻ, എം രാജൻ, കെ ബാലകൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജെയിംസ് പന്തമ്മാക്കൽ, കെ ജെ വർക്കി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ബേബി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.










0 comments