ad
Deshabhimani

പദ്ധതി രൂപരേഖ തയ്യാറാക്കും

ചരിത്രത്തിലേക്കുള്ള കവാടം തുറക്കാൻ ദേശീയ പൈതൃക ഇടനാഴി

കാഞ്ഞങ്ങാട്ടെ ദേശീയപൈതൃക ഇടനാഴിയിലുള്‍പ്പെടുന്ന പ്രദേശങ്ങളിലൊന്നായ മേലാങ്കോട്ട് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭ കൗണ്‍സിലര്‍ വി വി രമേശന്‍, വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍​

കാഞ്ഞങ്ങാട്ടെ ദേശീയപൈതൃക ഇടനാഴിയിലുള്‍പ്പെടുന്ന പ്രദേശങ്ങളിലൊന്നായ മേലാങ്കോട്ട് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭ കൗണ്‍സിലര്‍ വി വി രമേശന്‍, വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍​

വെബ് ഡെസ്ക്

Published on Dec 25, 2025, 02:00 AM | 1 min read


കാഞ്ഞങ്ങാട്

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കാഞ്ഞങ്ങാട് നഗരസഭ സഹകരണത്തോടെ കാഞ്ഞങ്ങാട്ടെ വിവിധ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ദേശീയ പൈതൃക ഇടനാഴിയുടെ നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തുനിന്ന് കാരാട്ടുവയല്‍, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മേലാങ്കോട്ട്, അതിയാന്പൂര്‍, കിഴക്കുംകര, വെള്ളിക്കോത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പൈതൃക ഇടനാഴി മഡിയനിലാണ് അവസാനിക്കുക. വിദ്വാൻ പി കേളു നായർ, എ സി കണ്ണൻ നായർ, മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, രസികശിരോമണി കോമന്‍നായര്‍, കെ മാധവൻ, വിദ്വാൻ കെ കെ നായർ, കാനായി കുഞ്ഞിരാമൻ എന്നിവരെക്കുറിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ജീവിച്ച ചുറ്റുപാടുകളുള്ള ഏഴുകിലോമീറ്റര്‍ പരിധിയിലായി ഇടനാഴി നിര്‍മിക്കുന്നത്. ഇവരിൽ കാനായി കുഞ്ഞിരാമനൊഴികെ മറ്റുള്ളവരെല്ലാം മണ്‍മറഞ്ഞുപോയവരാണ്. അഞ്ഞൂറോളം വർഷത്തെ പാരമ്പര്യമുള്ള ഇക്കേരിയൻ രാജവംശം നിർമിച്ച ഹൊസ്ദുർഗ് കോട്ട തെക്കെയറ്റത്തും അത്രത്തോളംതന്നെ പഴക്കമുള്ള അള്ളോന്റെ അള്ളട സ്വരൂപ ആസ്ഥാനമായ മഡിയൻ കൂലോം വടക്കെ അറ്റത്തും സ്ഥിതി ചെയ്യുന്പോള്‍ ഇടനാഴിയുടെ ചരിത്ര പ്രാധാന്യം വര്‍ധിക്കുന്നു. ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് ഏപ്രിൽ 19 ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാരാട്ടുവയലിൽ കാർഷിക പുനരുദ്ധാരണത്തോടൊപ്പം ചെളിക്കളങ്ങളിലെ കായിക മാമാങ്കം, മേലാങ്കോട്ട് ഷേക്സ്പീരിയൻ നാടക സങ്കേതമായ വെലോഡ്രാം മാതൃകയിൽ നാടകശാല, പാർക്ക്, ചരിത്ര സങ്കേതമായ കാലിടോസ്ക്കോപ്പ് എന്നിവയുൾപ്പെടുന്ന സാംസ്കാരിക സമുച്ചയം എന്നിവ ഇടനാഴിയുടെ ഭാഗമായി നിര്‍മിക്കും. പദ്ധതി നടപ്പായാൽ 1000 ത്തിലധികം പുതിയ തൊഴിലവസരം സൃഷ്ടിക്കാൻ സാധിക്കും. വിനോദ സഞ്ചാര വകുപ്പ് ഇത് സംബന്ധിച്ച് വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. നഗരസഭ കൗണ്‍സിലര്‍ വി വി രമേശന്‍, ജില്ലാ പഞ്ചായത്തംഗം കെ സബീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം എ നസീബ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജർ കെ സജിത് കുമാർ, ഡിടിപിസി ജില്ലാ സെക്രട്ടറി എ കെ ജിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചരിത്രാന്വേഷകനും സാമൂഹ്യ പ്രവർത്തകനുമായ കെ പ്രസേനൻ പദ്ധതി വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home