ഇത്തവണ മത്സരം പ്രൊഫഷണലാകും

ചെറുവത്തൂർ സംസ്ഥാന ടൂറിസം വകുപ്പ് അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് തികച്ചും പ്രൊഫണലായി നടക്കും. വിജയികളെ കണ്ടെത്താൻ അത്യാധുനിക കാമറ ഒരുക്കുന്നതോടൊപ്പം വിദഗ്‌ധരായ ടെക്‌നിക്കൽ കമ്മിറ്റി മത്സരം നിയന്ത്രിക്കും. സ്‌പോർട്‌സ് കൗൺസിൽ നിർദേശിക്കുന്ന പാനലാണ് മത്സരം നിയന്ത്രിക്കുക. ഓരോ ട്രാക്കിനും ഓരോ അമ്പയർമാർക്കാണ് ചുമതല. 18 വയസ് തികഞ്ഞവർക്ക് മുകളിലോട്ടുള്ളവർക്ക് മാത്രമാണ് തുഴയാൻ സാധിക്കുക. തുഴച്ചിൽ താരങ്ങളുടെ ആധാർ, ഫോട്ടോ, പേരുകൾ എന്നിവ നേരത്തേ തന്നെ ഏൽപ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് മത്സരം ആരംഭിക്കുക. സാധാരണ രീതിയിൽ 25, 15 പുരുഷ വിഭാഗം, 15 വനിത വിഭാഗം എന്നിങ്ങനെയാണ് മത്സരം നടക്കാറുള്ളത്. ഇത്തവണ വനിതകൾക്ക് മത്സരമുണ്ടാകില്ല. 25 പേർ തുഴയും പുരുഷ വിഭാഗത്തിന് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. പകൽ രണ്ടിന് മത്സരം ആരംഭിക്കും. മൂന്ന് ട്രാക്കുകളിലായാണ് സാധാരണ മത്സരം നടക്കുക. ഹീറ്റ്‌സ് മത്സരങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞ സമയമെടുത്ത് ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകളെ ഉൾപ്പെടുത്തിയാണ് ഫൈനൽ മത്സരം നടക്കുക. ഇതിൽനിന്നും ആദ്യം ഫിനിഷ് ചെയ്യുന്ന ടീമുകളെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് പരിഗണിക്കും. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വിജയികൾക്കുള്ള പ്രൈസ് മണിയും മറ്റ് ടീമുകൾക്ക് ക്യാഷ് പ്രൈസുകളും നൽകും. ലൂസേഴ്സ് മത്സരങ്ങളും നടക്കും. ദേശീയ ലെവൽ മത്സരങ്ങളുടെ രീതിയിൽ ചിട്ടയായാണ് മത്സരം നടത്തുക.










0 comments