നാടിന്റെ ഹൃദയതാളത്തിനൊപ്പം

പി പ്രകാശൻ
Published on Mar 31, 2026, 02:30 AM | 2 min read
ഉദുമ
അക്കമിട്ട് നിരത്തുന്നില്ല, നാട് തൊട്ടറിയുന്നുണ്ട് ഇവിടെയുണ്ടായ മാറ്റങ്ങൾ. അതു മാത്രമേ പറയുന്നുള്ളൂ. ഇൗ നാടിനറിയാം ജനങ്ങളുടെ സർക്കാർ വീണ്ടും വരേണ്ടത് അനിവാര്യമാണെന്ന്. ജനങ്ങളുടെ കൺമുന്നിലുണ്ടായ മാറ്റമേ സ്ഥാനാർഥി കൂടിയിരിക്കുന്നവരോടായി പറയുന്നുള്ളൂ. അതിന്റെ ഗുണഫലം അനുഭവിച്ചവരാണ് നാടിന്റെ വികസന നായകനായ സ്ഥാനാർഥിയെ കേൾക്കാനെത്തിയവർ. ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞന്പു രണ്ടാം തവണയും ജനവിധി തേടി നാട്ടുകാരിലേക്ക് എത്തുന്പോൾ വരവേൽക്കുന്നത് വികസനവീഥികളാണ്. ‘‘കഴിഞ്ഞ 10 വർഷത്തിനിടയിൽ എപ്പോഴെങ്കിലും നിങ്ങളുടെ പെൻഷൻ മുടങ്ങിയിട്ടുണ്ടോ. മുന്പ് ഉമ്മൻചാണ്ടി സർക്കാർ കുടിശ്ശികയാക്കിയ 18 മാസത്തെ പെൻഷൻ ഒന്നിച്ചു നൽകിയത് ഇപ്പോഴത്തെ സർക്കാരല്ലേ’’. മണ്ണ്യത്തെ സ്വീകരണ കേന്ദ്രത്തിൽ പെൻഷൻ വാങ്ങുന്ന മൂന്നുനാല് പേരെത്തിയിട്ടുണ്ട്. അവരെല്ലാം തലയാട്ടി അത് അംഗീകരിക്കുന്നു. ‘‘വലിയ ആശുപത്രിയാണ് ചട്ടഞ്ചാലിൽ വരാൻ പോകുന്നത്. മെഡിക്കൽ കോളേജിന് അനുബന്ധമായ ആശുപത്രിയാണിത്. ഇത് നാടിന് വലിയ ആശ്വാസമല്ലേ. ഇതൊക്കെ ചെയ്യുന്ന സർക്കാർ ഇവിടെ തുടരേണ്ടേ. ഇതു മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താനും നമുക്കാവണം’’. അഞ്ചു വർഷത്തിനകം മണ്ഡലത്തിലുണ്ടായ കോടികളുടെ വികസനം, ഇനി പൂർത്തീകരിക്കാനുള്ളവ എല്ലാം ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാണ് പര്യടനം. രാവിലെ പള്ളത്തുങ്കാലിൽനിന്നാണ് തുടങ്ങിയത്. കോലാംകുന്ന്, മൈലാട്ടി, ബെണ്ടിച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണവും കഴിഞ്ഞാണ് മണ്ണ്യത്തെത്തിയത്. എല്ലായിടത്തും വേനൽച്ചൂടിലും വലിയ ആൾക്കൂട്ടം വരവേൽക്കാനെത്തി. വ്യത്യസ്‌തവും ഹൃദ്യവുമാണ് ഓരോ കേന്ദ്രത്തിലെയും വരവേൽപ്പ്. തെക്കിൽ ഫെറിയും കഴിഞ്ഞ് പിന്നീട് മൂഡംവയലിലേക്ക്. ചെണ്ടമേളത്തിന്റെ ആരവത്തോടെ സ്വീകരണം. പടക്കം പൊട്ടിച്ചും കൊന്നപ്പൂക്കൾ നൽകിയും ഹാരം അണിയിച്ചും നാട്ടുകാർ ജനകീയനായ തങ്ങളുടെ സാരഥിയെ എതിരേറ്റു. വയലാംകുഴിയിലെ കുന്നിൻ മുകളിൽനിന്ന് മുത്തുക്കുടകളുടെയും ബാൻഡ് വാദ്യത്തിന്റെയും അകന്പടിയോടെ സമീപത്തെ സിപിഐ എം ബ്രാഞ്ച് ഓഫീസ് പരിസരത്തേക്ക് ആനയിച്ചു. എല്ലായിടത്തും ചുരുക്കം വാക്കുകളിൽ കൂടിയിരിക്കുന്നവരോടായി എൽഡിഎഫ് സർക്കാർ തുടരേണ്ടതിന്റെ ആവശ്യകതയും നാടിനുണ്ടായ മാറ്റവും ബോധ്യപ്പെടുത്തും. തിങ്കളാഴ്‌ച 23 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരോട് സംവദിച്ചു. പൊതുപര്യടനത്തിന്റെ ആറാം ദിവസമായിരുന്നു തിങ്കളാഴ്‌ച. അണിഞ്ഞ, ബേനൂർ, മുതലപ്പാറ, പെരുമ്പള, -മഞ്ചകൊട്ടുങ്കാൽ, ചെമ്മനാട് ഫെറി, പരവനടുക്കം, ദേളി കുന്നുപാറ, അരമങ്ങാനം, കട്ടക്കാൽ, കീഴൂർ, ചെമ്പരിക്ക, എ കെ ജി നഗർ, തൊട്ടി എന്നിവിടങ്ങളിലെല്ലാം നാട്ടുകാരുടെ ഹൃദ്യമായ വരവേൽപ്പ്. രാത്രിയോടെ കളനാട് സമാപനം. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ വി കുഞ്ഞിരാമൻ, ടി കൃഷ്ണൻ, സി ബാലൻ, കെ കുഞ്ഞിരാമൻ, ടി നാരായണൻ, സി രാമചന്ദ്രൻ, മൗവ്വൽ കുഞ്ഞബ്ദുല്ല, എം ഗൗരി, തുളസീധരൻ വളാനം, കെ കുഞ്ഞിരാമൻ, സി കെ സബിത, അനുരാഗ് പുല്ലൂർ, എ പി ഉഷ, ശിവൻ ചൂരിക്കോട് എന്നിവർ സംസാരിച്ചു.










0 comments