ad
Deshabhimani

ഓർമകളുടെ അരങ്ങിലേക്ക്‌ 
വീണ്ടുമെത്തി കലാപ്രതിഭ

നീലേശ്വരം തൈക്കടപ്പുറത്തെ പി കെ പ്രകാശൻ സംസ്ഥാന ഐടിഐ 
കലോത്സവത്തിലെ രണ്ടാംവേദിയുടെ സദസിലിരുന്ന് മത്സരം കാണുന്നു
വെബ് ഡെസ്ക്

Published on Jun 27, 2026, 03:00 AM | 1 min read

നീലേശ്വരം നാല് പതിറ്റാണ്ട്‌ മുൻപത്തെ കലോത്സവ ഓർമകളുമായി സദസിലിരുന്ന് മത്സരം വീക്ഷിക്കുകയായിരുന്നു രാഷ്ട്രീയവും കലയും കൂടെ കൊണ്ടുനടക്കുന്ന അന്നത്തെ കലാപ്രതിഭ നീലേശ്വരം തൈക്കടപ്പുറം എ പി റോഡ് ‘നിലാവിലെ’ പി കെ പ്രകാശൻ (59). സംസ്ഥാന ഐടിഐ യൂണിയൻ സംസ്ഥാന കലോത്സവത്തിന് ആദ്യമായി ജില്ല വേദിയാകുമ്പോൾ നാല് പതിറ്റാണ്ട് മുൻപ് നടന്ന സംസ്ഥാന ഐടിഐ കലോത്സവത്തിൽ കലാപ്രതിഭ പട്ടം നേടിയ പ്രകാശന്റെ മനസിൽ ആഹ്ലാദം. സിപിഐ എം തൈക്കടപ്പുറം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പി കെ പ്രകാശൻ ആറ്റിങ്ങൽ ഗവ. ഐടിഐയിൽ 1987ൽ നടന്ന സംസ്ഥാന കലോത്സവത്തിൽ കണ്ണൂർ തോട്ടട ഗവ. ഐടിഐയെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. നാടോടിനൃത്തം, മലയാളം പദ്യപാരായണം എന്നിവയിൽ എ ഗ്രേഡോടെ ഒന്നും ലളിതഗാനത്തിൽ എ ഗ്രേഡോടെ രണ്ടും സ്ഥാനങ്ങൾ നേടിയാണ് കലാപ്രതിഭ പട്ടം ചൂടിയത്. സംഘഗാനം, സംഘനൃത്തം, ടാബ്ലോ എന്നീ ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. പിതാവും നൃത്താധ്യാപകനുമായിരുന്ന പരേതനായ പി കെ ആർ പണിക്കറിൽനിന്ന് നൃത്ത പരിശീലനം ലഭിച്ച പ്രകാശ് തന്നെയാണ് സ്വന്തം ടീമിനെ സംഘനൃത്തം പരിശീലിപ്പിച്ചതും. തോട്ടട ഐടിഐയിൽ മെക്കാനിക്കൽ -റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു പ്രകാശൻ. പഠനശേഷം ജില്ലാ മെഡിക്കൽ ഓഫീസിൽ താൽക്കാലിക ജീവനക്കാരനായി ചേർന്നു. പിന്നീട് നീലേശ്വരം മാർക്കറ്റിൽ ആറ് വർഷത്തോളം ഫ്രീസ് എയ്ഡ് എന്ന പേരിൽ സ്വന്തം കട നടത്തി. കെടിഡിസിയിൽനിന്ന് സീനിയർഷെഫ് ആയി രണ്ട് വർഷം മുൻപാണ് റിട്ടയർചെയ്തത്. തെയ്യം കലാകാരനായ ഇദ്ദേഹം 1996ൽ പണിക്കർ പദവിയും നേടി. തൈക്കടപ്പുറം പ്രതിഭ ക്ലബ്ബിന്റെ ജനറൽ സെക്രട്ടറിയാണ്. ഭാര്യ നിഷ ആരോഗ്യവകുപ്പിലാണ്. മക്കളായ ഗൗതമും ഹരിയും ഭരതനാട്യവും കഥകളി സംഗീതവുമായി സ്‌കൂൾ കലോത്സവങ്ങളിൽ സമ്മാനിതരായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home