കണ്ണൂർ സർവകലാശാല യൂണിയൻ കാർണിവൽ
‘ഡി-–ഫോക്കി’ന് ആവേശത്തുടക്കം

കാസർകോട്
സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ സാംസ്‌കാരിക തനിമയുയർത്തി നാടൻ പാരമ്പ്യര്യവും പൈതൃകവും ചരിത്രവും പരിചയപ്പെടുത്തി ഗവ. കോളേജിൽ ‘ഡി- ഫോക്’ കാർണിവലിന് ആവേശത്തുടക്കം. കാമ്പസിനെയും പൊതുസമൂഹത്തെയും കോർത്തിണക്കി കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ നേതൃത്വത്തിലാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. നാലു വേദികളിൽ രണ്ടുദിവസമായാണ് വിവിധ പരിപാടികൾ. ഒന്നാം ദിവസമായ തിങ്കളാഴ്‌ച ഡോക്യുമെന്ററി ഫെസ്റ്റ്, ഭക്ഷ്യമേള, ഫിലിം ഫെസ്റ്റ്, നാടൻകല എക്‌സിബിഷൻ, പുസ്‌തകമേള, നാടൻകലാ സംവാദം, യക്ഷഗാനം അവതരണം തുടങ്ങിയവ നടന്നു. വൈകിട്ട് 5ന് കല്ലട്ര മാഹിൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ്, നാടൻപാട്ടുകാരൻ അതുൽ നറുകര എന്നിവർ മുഖ്യാതിഥികളായി. കാസർകോട് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലീം, കൗൺസിലർ അനിൽ ചെന്നിക്കര, ഗവ. കോളേജ് പ്രിൻസിപ്പൽ വി എസ് അനിൽകുമാർ, അൽന വിനോദ്, ദിൽജിത്ത്, ശ്രീരാഗ് എന്നിവർ സംസാരിച്ചു. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കവിതാ കൃഷ്‌ണൻ സ്വാഗതവും സംഘാടക സമിതി കൺവീനർ അദിനാൻ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു. തുടർന്ന് അതുൽ നറുകരയുടെ മ്യൂസിക്കൽ ഷോ നടന്നു.
കാർണിവലിൽ ഇന്ന് വേദി 1: രാവിലെ 10ന് എരുതുകളി, പകൽ 11– ഫാഷൻ ഷോ, 12.30– മംഗലംകളി, 1.30– ഷോട്ട് ഫിലിം പ്രദർശനം. 2ന് ഉടുക്ക് വാദ്യം, 3ന് അലാമിക്കളി, തുടർന്ന് സമാപനം. വേദി 2: രാവിലെ 10 മുതൽ സിനിമാ പ്രദർശനം. വേദി 3. രാവിലെ 10 മുതൽ ഡോക്യുമെന്റി പ്രദർശനം. പകൽ 1.30ന് അർജുന നൃത്തം. 2.15ന് കവിത രചന, 3.30 ഉപന്യാസ രചന.










0 comments