ad
Deshabhimani

ഇവിടെയുണ്ട്‌, അപൂർവ കറൻസി–നാണയ ശേഖരം

അബ്ദുൽസലാം തന്റെ കറൻസി -ശേഖരങ്ങളോടൊപ്പം
വെബ് ഡെസ്ക്

Published on Jul 23, 2026, 03:00 AM | 1 min read

നീലേശ്വരം തിരക്കുപിടിച്ച കച്ചവടത്തിനിടയിലും അപൂർവ കറൻസി നാണയ ശേഖരവുമായി നീലേശ്വരം ബസാറിലെ വ്യാപാരിയായ സി കെ അബ്ദുൽസലാം. പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ നാണയ ശേഖരം അറുപത്തിയാറിലും തുടരുകയാണ്‌. എഴുപതിലേറെ രാജ്യങ്ങളുടെ നോട്ടുകളും നാണയങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്‌. ഫ്രെയിമിട്ടുവെച്ചതും കെട്ടിവെച്ചതുമായനോട്ടുകൾ മേശയിലും പാത്രങ്ങളിലുമായി സൂക്ഷിച്ചുവെച്ച നാണയങ്ങൾ എല്ലാംകൂടി ആയിരത്തിലേറെയുണ്ട്‌. മൂല്യങ്ങൾ ലക്ഷങ്ങൾ കടക്കുകയുംചെയ്യും. വളരെ ചെറുപ്പത്തിൽ സ്റ്റാമ്പുകളും തീപ്പെട്ടി ചിത്രങ്ങളും ശേഖരിക്കുന്നത് സലാമിനെ ശീലമായിരുന്നു. പന്ത്രണ്ടാം വയസിലാണ് നാണയ ശേഖരത്തിന് തുടക്കമിട്ടത്. നീലേശ്വരത്തെ വ്യാപാരിയായിരുന്ന സലാമിന്റെ പിതാവ് എൻ പി മൊയ്തുഹാജിയുടെ മേശവലിപ്പിൽനിന്നായിരുന്നു നാണയശേഖരത്തിന് തുടക്കമിട്ടത്. വിദേശ രാജ്യങ്ങളിലെ സന്ദർശനങ്ങൾ ഹജ്ജ് യാത്ര എന്നിവക്കൊപ്പം പല രാജ്യങ്ങളുടെയും നോട്ടുകളും നാണയങ്ങളും വിലകൊടുത്ത് വാങ്ങാനും തുടങ്ങി. നീലേശ്വരം ബസാറിൽ എൻ പി എം എച്ച് ട്രേഡേഴ്സ് സ്ഥാപനം നടത്തുന്ന അബ്ദുൾസലാം കച്ചവടത്തിനിടയിൽ കിട്ടുന്ന നോട്ടുകളുടെ പ്രത്യേകത കണ്ടെത്താനാണ് ഏറെയും ശ്രമിക്കുക. വിദേശത്തുള്ള മക്കളും സഹായിക്കും. പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളുടെയും കറൻസി ശേഖരത്തിലുണ്ട്‌. ഇന്ത്യയുടെ ഓട്ട മുക്കാൽ മുതൽ പുതിയ നാണയങ്ങൾവരെ ഉണ്ട്. 1818ൽ ഈസ്റ്റിന്ത്യാ കമ്പനി ഉപയോഗിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള ഒരു അണയും 1941ൽ ബ്രിട്ടനിലെ ജോർജ് അഞ്ചാമൻ രാജാവിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ചിത്രത്തോടുകൂടിയുള്ള നാണയവും ഉൾപ്പെടുന്നു. ഇവയൊക്കെ ശേഖരിക്കാനും അമൂല്യനിധിയായി സൂക്ഷിക്കാനും ഭാര്യ എം ടി പി സമീറയും മക്കളും കൂട്ടിനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home