വാണിജ്യ സിലിണ്ടർ വിലവർധന
ഹോട്ടലുകൾ അടഞ്ഞു; പ്രതിഷേധം ജ്വലിച്ചു

കാസർകോട്
വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ ഹോട്ടൽ അടപ്പ് സമരം പൂർണം. കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ആയിരത്തോളം ഹോട്ടലുകൾ അടച്ചിട്ടു. സമരത്തിന്റെ ഭാഗമായി കാസർകോട് ബാങ്ക് റോഡ് പരിസരം കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് അച്യുതൻ നവരത്ന ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് രഘുവീർ പൈ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. എ എ അസീസ്, ടി വി ബാലൻ, നാരായണ പൂജാരി, അബ്ദുള്ള താജ് എന്നിവർ സംസാരിച്ചു. സത്യൻ ഇരിയണ്ണി സ്വാഗതവും രാജൻ കളക്കര നന്ദിയും പറഞ്ഞു. സമരത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള വ്യാപാരി വ്യവസായി സമിതിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. പശ്‌ചിമേഷ്യൻ പ്രതിസന്ധിയുടെ പേരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സിലിണ്ടറുകൾക്ക് 1400 രൂപയോളം വർധിപ്പിച്ചു. പാചകവാതക ക്ഷാമം കാരണം ജില്ലയിലെ പല ഹോട്ടലുകളും നേരത്തെ പൂട്ടിത്തുടങ്ങിയിരുന്നു. പാചക വാതക വില വർധന കൂടിയായയോടെ ഹോട്ടലുകൾ വൻപ്രതിസന്ധിയിലാണ്.










0 comments