ad
Deshabhimani

കരിങ്കൽ കിട്ടാനില്ലെന്ന്

തൃക്കണ്ണാട് തീര സംരക്ഷണ പ്രവൃത്തി നിർത്തിവച്ചു

കുഴിയെടുത്ത് തീരസംരക്ഷണ പ്രവൃത്തി നിർത്തിവച്ച തൃക്കണ്ണാട് കടൽത്തീരം
വെബ് ഡെസ്ക്

Published on Jun 09, 2026, 02:30 AM | 2 min read

ഉദുമ

തൃക്കണ്ണാട് തീര സംരക്ഷണ പ്രവൃത്തി കരിങ്കൽ കിട്ടാനില്ലെന്ന കാരണത്താൽ നിർത്തിവച്ചു. ഒരു സ്വകാര്യ വ്യക്തിയുടെ ക്വാറിയിൽനിന്ന്‌ അനധികൃതമായി കരിങ്കൽ പൊട്ടിച്ചെടുക്കുന്നത് നാട്ടുകാർ എതിർത്തതോടെ ക്വാറി നിർത്തലാക്കിയതാണ് കാരണം. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല. കടപ്പുറത്ത്  രണ്ടാഴ്ച മുമ്പ് ഇറക്കിയ ഏതാനും ലോഡ് കരിങ്കല്ല്  കൂട്ടിയിട്ടിരിക്കുകയാണ്. കരിങ്കല്ലുമായെത്തിയ ലോറികളും അടിത്തറ കുഴിക്കാനെത്തിയ മണ്ണു മാന്തിയുമെല്ലാം കടപ്പുറത്തേക്കിറങ്ങിയ ചാലുകളിലൂടെ തന്നെയാണ് ഇപ്പോൾ സംസ്ഥാന പാതയുടെ ഓവ് ചാലിലൂടെ വരുന്ന വെള്ളവും ഒഴുകുന്നത്. നിലവിൽ തെക്കേ ഭാഗത്തുനിന്ന്‌ വടക്കേ ഭാഗത്തേക്കുള്ള 128 മീറ്റർ തീരം വലിയ കരിങ്കല്ലുകൾ നിരത്തുന്നതിന്‌ കുഴിയെടുത്തിട്ടുണ്ട്. വടക്കേ ഭാഗത്ത് കുറച്ച് കരിങ്കല്ലും ഇറക്കി. മഴ ശക്തമായാൽ തിരമാലയിൽ കുഴി അടയുകയും പദ്ധതി കടലിലാവുകയും ചെയ്യും. കടലാക്രമണത്തിൽ തീരം കടലെടുക്കുന്ന തൃക്കണ്ണാട് പ്രദേശം ഉൾപ്പെടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മഴക്കാലത്ത് തീരദേശവാസികൾ കലക്ടറേറ്റിലേക്ക്‌ സമരംചെയ്തിരുന്നു. മുൻ എംഎൽഎ സി എച്ച് കുഞ്ഞമ്പുവിന്റെ നിരന്തര ഇടപെടലും ഉദുമ പഞ്ചായത്ത് ഭരണസമിതിയുടെയും മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെയും നിരന്തര ആവശ്യവും പരിഗണിച്ചാണ് 50 ലക്ഷം രൂപ ചെലവിൽ ഈ കാലവർഷത്തിന് മുമ്പായി കരിങ്കല്ല് നിരത്താൻ പദ്ധതിയായത്. ജലസേചന വകുപ്പിന്റെ കീഴിലാണ്  പ്രവൃത്തി. 3708.88 മെട്രിക് ടൺ വലിയ കരിങ്കല്ലുകൾ നിരത്തിയായിരുന്നു പദ്ധതി.  റോഡിന്റെ ഒരുഭാഗത്തെ മൺതിട്ട ഇല്ലാതായി. അടുത്തകാലത്തായി 30 മീറ്റർ തീരം ഇവിടെ കടലെടുത്തു.  റോഡിനപ്പുറത്താണ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം. സംസ്ഥാനപാതയും കടലും തൃക്കണ്ണാട് ക്ഷേത്ര മതിലും തമ്മിലുള്ള ദൂരം ഇപ്പോൾ വെറും 35 മീറ്ററിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞവർഷം ജലസേചന വകുപ്പ് 25 ലക്ഷം ചെലവഴിച്ച് നിർമിച്ച ജിയോ ബാഗ് കടൽ ഭിത്തിയും നശിച്ചു. കടലേറ്റം തുടർന്നാൽ വൈകാതെ സംസ്ഥാനപാതയും കടലെടുക്കുമെന്ന ഭയത്തിലാണ് നടപടി.   ക്ഷേത്രത്തിന് മുമ്പിൽനിന്ന്‌ കടലിലേക്ക് ഇറങ്ങാനും മീൻപിടിത്ത തൊഴിലാളികൾക്ക് തോണികൾ കയറ്റാനും ഇറക്കാനുമായി 15 മുതൽ 20 മീറ്റർ വരെ വീതിയിൽ തീരത്ത് മണ്ണിനടിയിൽ മാത്രം കല്ല് നിരത്താനുമാണ് തീരുമാനം. ഈ ഭാഗത്ത് ഭൂനിരപ്പിന് മുകളിലേക്ക് കല്ല് നിരത്തേണ്ടതില്ലെന്നും ധാരണയാക്കിയിരുന്നു. കടൽത്തീരത്ത് മണ്ണിനടിയിലും മുകളിലുമായി മൂന്നര മീറ്റർ കല്ല് നിരത്തുന്നതിനാണ് കരാർ. ഒന്നിന്‌ 300 മുതൽ 1000 കിലോവരെ തൂക്കമുള്ള വലിയ തരം കല്ലുകളാണ് ഉപയോഗിക്കേണ്ടത്. മൊത്തം 3708.88 മെട്രിക് ടൺ കരിങ്കല്ല് നിരത്താൻ 50 ലക്ഷമാണ് അടങ്കൽ. മഴ ശക്തമാകുന്നതിന് മുമ്പ്  പൂർത്തീകരിക്കുംവിധമാണ് പദ്ധതിയെങ്കിലും പണി പാതിവഴിയിൽ നിർത്തിയതോടെ തീരദേശവാസികൾ വീണ്ടും ആശങ്കയിലായി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home