ad
Deshabhimani

ദേശീയപാത അടിപ്പാത ഭിത്തിയിലെ വിള്ളൽ

നടപടിയില്ല; ഓട്ടയടപ്പ് മാത്രം

നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ  അടിപ്പാതയുടെ കോൺക്രീറ്റ് ഭിത്തിയിലെ വിള്ളൽ തൊഴിലാളികൾ സിമന്റ്‌ തേച്ച് മറക്കുന്നു

നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ അടിപ്പാതയുടെ കോൺക്രീറ്റ് ഭിത്തിയിലെ വിള്ളൽ തൊഴിലാളികൾ സിമന്റ്‌ തേച്ച് മറക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Apr 12, 2026, 02:06 AM | 2 min read

നീലേശ്വരം ​

നിലേശ്വരം നഗരത്തിൽ നിർമിക്കുന്ന ദേശീയപാതയുടെ എംബാങ്ക്ഡ് ബ്രിഡ്ജിന്റെ അടിപ്പാത ഭിത്തിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത് ആശങ്കക്കിടയാക്കുന്നു. രാജാറോഡിന് അഭിമുഖമായി മാർക്കറ്റ്‌ ജങ്‌ഷനിൽ പണിത അടിപ്പാതയുടെ കിഴക്കുഭാഗത്തെ ഭിത്തിയിലാണ് വിള്ളൽ രൂപപ്പെട്ടത്. അശാസ്ത്രീയ നിർമാണം കാരണമാണ്‌ വിള്ളൽ. അപാകം പരിഹരിക്കാൻ ശാസ്ത്രീയ നടപടി സ്വീകരിക്കുന്നതിന് പകരം വിള്ളലുകൾക്ക് മുകളിൽ സിമന്റ്‌ തേച്ച് മറക്കുകയാണ് കരാർ കമ്പനി. കഴിഞ്ഞ ദിവസമുണ്ടായ വേനൽമഴയിൽ പ്രദേശത്ത് വെള്ളം കെട്ടിനിന്നതോടെയാണ് കോൺക്രീറ്റ് ഭിത്തിയിൽ മുകളിൽ നിന്ന് താഴെ വരെ നീളുന്ന വിള്ളൽ പ്രത്യക്ഷപ്പെട്ടത്. മഴ ശക്തമാകുന്നതോടെ വിള്ളൽ കൂടുതൽ വികസിക്കുമെന്നും ഇത് വലിയ അപകടങ്ങൾക്ക് വഴിവയ്‌ക്കുമെന്നും നാട്ടുകാർ പറയുന്നു. ​ചതുപ്പുനിലമായ നീലേശ്വരം പുഴയോരത്താണ് കോൺക്രീറ്റ് ഭിത്തികൾക്കിടയിൽ മണ്ണുനിറച്ച് പാത നിർമിക്കുന്നത്. ഭൂമിയുടെ ഘടന കൃത്യമായി പരിശോധിക്കാതെയും അടിത്തറ ഉറപ്പിക്കാതെയും നടത്തിയ നിർമാണമാണ് വിള്ളലിന് കാരണമെന്ന് പരാതിയുണ്ട്. മണ്ണ് നിറക്കുമ്പോഴുള്ള കനത്ത സമ്മർദം താങ്ങാൻ ചതുപ്പിൽ പടുത്തുയർത്തിയ ഭിത്തികൾക്ക് ശേഷിയില്ലെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ മരമില്ലിന് സമീപം വെള്ളക്കെട്ടിൽ ഭിത്തി നിർമാണം നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ​ദേശീയപാത അധികൃതർ ജനപ്രതിനിധികളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. വിള്ളലുകൾ സിമന്റിട്ട് മുടി ജനങ്ങളെ വഞ്ചിക്കുന്ന കരാർ കമ്പനിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സമരസമിതികളുടെ തീരുമാനം. നിലവിലെ നിർമാണരീതി ഉപേക്ഷിച്ച് പൂർണമായും തൂണുകളിൽ നിർമിക്കുന്ന ആകാശപ്പാത വേണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിൽക്കുന്നു. അശാസ്ത്രീയ നിർമാണത്തിനെതിരെ 17ന് അഡ്ഹോക്ക് കമ്മിറ്റി നേതൃത്വത്തിൽ രാപകൽ സമരം സംഘടിപ്പിക്കും. മഴക്കാലത്തിന് മുമ്പ് ശാസ്ത്രീയ പരിശോധന നടത്തി തെറ്റായ നിർമാണ രീതികൾ തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ തീരുമാനം.


ആകാശപാത സമരം ശക്തിപ്പെടുത്താൻ ജനകീയ കൺവൻഷൻ വിളിക്കും

നീലേശ്വരം

​ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് ജങ്‌ഷനിൽ ആകാശപാത വേണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ അഡ്ഹോക്ക് കമ്മറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 17ന് നടക്കുന്ന രാപകൽ സമരത്തിന് പിന്നാലെ വിപുലമായ ജനകീയ കൺവൻഷൻ വിളിച്ചുചേർക്കും. കൺവൻഷനിൽ അനിശ്ചിതകാല സമരത്തോടൊപ്പം മറ്റു സമരപരിപാടികളും ആസൂത്രണംചെയ്യും. നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. സ്ഥിരംസമിതി ചെയർമാന്മാരായ എ വി സുരേന്ദ്രൻ, കെ സതീശൻ , ഇ കെ ചന്ദ്രൻ, ഇ ചന്ദ്രമതി, ഷമീന മുഹമ്മദ്, കൗൺസിലർ പി വി സതീശൻ, കെ വി സുരേഷ് കുമാർ, ഉദയൻ പാലായി, സേതു ബങ്കളം, പി വിജയകുമാർ, ഷംസുദ്ദീൻ അറിഞ്ചിറ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home