ad
Deshabhimani

അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ
വീണ്ടും പൊട്ടിത്തെറി; 2 പേർക്ക്‌ പരിക്ക്‌

അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന അണയ്‌ക്കുന്നു
വെബ് ഡെസ്ക്

Published on Jan 13, 2026, 03:00 AM | 1 min read

സീതാംഗോളി

അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ അനധികൃത പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക്‌ പരിക്ക്. പടക്ക നിർമാണ ശാലയിലെ മിക്സിങ് യൂണിറ്റ് ഷെഡ് പൂർണമായും തകർന്നു. തിങ്കൾ രാവിലെ പത്തോടെയാണ്‌ റെഡ് ഫോർട്ട്‌ എന്ന പേരിലുള്ള പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറിയുണ്ടായത്‌. ശിവകാശി സ്വദേശികളായ ശങ്കർ, കറുപ്പുസാമി എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനമുണ്ടാവുമ്പോൾ ഷെഡ്ഡിൽനിന്നും പുറത്തേക്ക്‌ ചാടിയതിനാൽ പരിക്ക് ഗുരുതരമല്ല. മിക്സിങ് യൂണിറ്റ്, അസംസ്‌കൃത വസ്‌തു ശേഖരണ മുറി, പടക്കം സൂക്ഷിക്കുന്ന ഷെഡ് തുടങ്ങി ഇരുപത്തിയഞ്ചോളം ഷെഡ്ഡുകളാണ് ഇവിടെയുള്ളത്. പുറത്ത് കൂട്ടിയിട്ട മാലിന്യത്തിൽനിന്നും തീ പടർന്നതാണ് കാരണമെന്ന് കരുതുന്നു. ഒരു ഷെഡ്ഡിലും പ്രാഥമിക അഗ്നിരക്ഷാ ഉപകരണമുണ്ടായിരുന്നില്ല. അഗ്നിരക്ഷാവകുപ്പിന്റെ എൻഒസിയുമില്ലാതെയാണ് പടക്ക നിർമാണശാല പ്രവർത്തിക്കുന്നത്. എത്രത്തോളം വെടിമരുന്ന് സൂക്ഷിച്ചിരുന്നുവെന്ന കണക്കും ലഭ്യമല്ല. അനന്തപുരം സ്വദേശി പി മുഹമ്മദ്‌ കുഞ്ഞിയാണ് ഉടമ. ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിലിന്റെ നേതൃത്വത്തിൽ കാസർകോട്‌, ഉപ്പള നിലയങ്ങളിൽനിന്നെത്തിയ നാല്‌ യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ എം എം റഫീഖ്, ഓഫീസർമാരായ ടി അമൽരാജ്, എസ്‌ അഭിലാഷ്, വി കെ ഷൈജു, രാജേഷ് പാവൂർ, ടി എസ്‌ ശരൺ, എസ്‌ മുഹമ്മദ്‌ ഷാഫി, ടി എസ്‌ മുരളീധരൻ, കെ വി അഭിജിത്, വി മഹേഷ്‌, ബി ആർ അതുൽ, വി എസ്‌ ശ്രീജിത്ത്‌ എന്നിവരും സംഘത്തിലുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home