കുട്ടികൾക്ക് പോഷകാഹാരം വനിതകൾക്ക് തൊഴിൽ

കയ്യൂർ കുട്ടികൾക്കുള്ള പോഷകാഹാരം ഒരുക്കി തൊഴിൽ രംഗത്ത് ചുവടുപ്പിച്ച് വിജയഗാഥ രചിക്കുകയാണ് കയ്യൂരിലെ സ്‌ത്രീ കൂട്ടായ്‌മ. സ്‌ത്രീ കൂട്ടായ്‌മയിൽ രൂപംകൊണ്ട് കയ്യൂരിൽ പ്രവർത്തിക്കുന്ന ‘യുവധാര ന്യൂട്രി മിക്‌സ്’ യൂണിറ്റാണ് വിജയകരമായി പ്രവർത്തിക്കുന്നത്. കയ്യൂർ–ചീമേനി പഞ്ചായത്ത് കുടുംബശ്രീക്ക് കീഴിലുള്ള കയ്യൂർ യുവധാര കുടുംബശ്രീ യൂണിറ്റാണ് അങ്കണവാടി കുട്ടികൾക്ക് നൽകാനുള്ള ന്യൂട്രിമിക്‌സ് പൗഡർ തയ്യറാക്കി വിവിധ പഞ്ചായത്തുകളിൽ എത്തിക്കുന്നത്. 18 വർഷമായി ഇൗ സ്‌ത്രീ സംരഭം കയ്യൂരിൽ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ പ്രവർത്തനത്തോടൊപ്പം ജീവിതമാർഗംകൂടി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംരഭം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മെഷീനുകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെയാണ് ന്യൂട്രി മിക്‌സ് പൗഡർ തയ്യറാക്കിയിരുന്നത്. ഇവ വീടുകളിലെത്തിച്ചായിരുന്നു വിൽപന. പിന്നീട് അങ്കണവാടികളിലേക്ക് നൽകാനുള്ള അനുമതി ലഭിച്ചതോടെ ജില്ലാ പഞ്ചായത്തും കുടുംബശ്രീ സംസ്ഥാന മിഷനും ആവശ്യമായ യന്ത്രങ്ങൾ ലഭ്യമാക്കുകയായിരുന്നു. ഇപ്പോൾ പൂർണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇവ തയ്യറാക്കുന്നത്. അഞ്ച് കുടുംബശ്രീ അംഗങ്ങളാണ് യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർക്ക് ജീവിക്കാനുള്ള വരുമാനം ഇൗ തൊഴിലിടത്തിൽനിന്നും ലഭിക്കുന്നുണ്ട്. ഗോതമ്പ്, കടലപ്പരിപ്പ്, സോയാബീൻ, നിലക്കടല, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് പോഷകാഹാരം തയ്യാറാക്കുന്നത്. രുചിയും പോഷക ഗുണമേൻമയും കൊണ്ടുതന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ആഹാരമായി മാറി. അതോടെ വിജയകരമായ സംരഭമായി മാറാൻ ഇൗ സ്‌ത്രീ കൂട്ടായ്‌മക്ക് സാധിച്ചു. കയ്യൂർ ചീമേനി, തൃക്കരിപ്പൂർ, വലിയപറമ്പ്, പിലിക്കോട് പഞ്ചായത്തുകളിലെ അങ്കണവാടികളിലാണ് എത്തിച്ച് നൽകുന്നത്. നിലവിൽ ഗോതമ്പ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് സംരഭകർ പറഞ്ഞു. അതുകൊണ്ട് തന്നെ രണ്ട് പഞ്ചായത്തുകൾക്ക് നൽകാനുള്ളവ മാത്രമാണ് നിർമിക്കുന്നത്. നിർമാണ സാധനങ്ങളുടെ വില വർധിക്കുന്നതിനനുസരിച്ച് ന്യൂട്രി മിക്‌സിന്റെ വില വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.









0 comments