കൂക്കോട്ട് റെഡ്‌സ്‌റ്റാർ ജൂനിയർ ടീം പറയുന്നു ‘ഒത്തുകളിച്ചാൽ മലയും പോരും’

കെ വി രഞ്‌ജിത്
Published on Apr 30, 2026, 03:00 AM | 2 min read
കയ്യൂർ പലതവണ പൂട്ടാൻ ശ്രമിച്ച എതിരാളികളുടെ കൈപ്പിടിയിൽനിന്നും കുതറിമാറി ടീമിന്റെ ലീഡ് ഉയർത്തുന്ന നവീൻ, ഭയം എന്ന വാക്കിനെ തന്റെ നിഘണ്ടുവിൽ ഇല്ലാത്തവിധം ആട്ടിപ്പായിച്ച പ്രതിരോധ ഭടൻ ദേവനന്ദ്, മൈതാനത്തെ കവർ പൊസിഷനിൽ നിലയുറപ്പിച്ചാൽ റൈഡർമാരുടെ ആധിപത്യത്തിന് അന്ത്യംകുറിക്കുന്ന വിശ്വജിത്. ഇവരടക്കം ഒത്തൊരുമയാൽ വിജയഗാഥ രചിക്കുകയാണ് റെഡ്‌സ്‌റ്റാർ കൂക്കോട്ടിന്റെ ജൂനിയർ കബഡി താരങ്ങൾ. കനത്ത ചൂടുകാലത്തും വിവിധ ക്ലബുകൾ സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ ജേതാക്കളാവുകയാണ് ടീം. തുടർച്ചയായി നടന്ന നാല് ടൂർണമെന്റുകളിൽ വിജയികളാണിവർ. റെഡ്‌സ്‌റ്റാർ ഓരി, എ കെ ജി ഓരി, വി വി മെമ്മോറിയൽ കാരിയിൽ, റെഡ്‌സ്‌റ്റാർ കണിച്ചിറ തുടങ്ങി നിരവധി ക്ലബുകൾ സംഘടിപ്പിച്ച ടൂർണമെന്റുകളിലാണിത്. സൂപ്പർ ടാക്കിളുകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാവുന്ന വിധം നവീന്റെ ഓരോനീക്കവും വിസ്മയിപ്പിക്കുന്നത്. ടീമിലെ അംഗസംഖ്യ കുറഞ്ഞ് പതറിനിൽക്കുന്ന നിമിഷങ്ങളിൽ, ഇരപിടിയൻ പക്ഷിയെപ്പോലെ പറന്നിറങ്ങി എതിരാളിയെ നിലംപരിശാക്കുന്ന നവീന്റെ ടാക്കിളുകൾ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. ഏതിർടീമുകളടെ ചക്രവ്യൂഹം ഭേദിക്കുന്ന സൂപ്പർ റൈഡറായി നവീൻ മാറി. പലതവണ പൂട്ടാൻ ശ്രമിച്ച എതിരാളികളുടെ കൈപ്പിടിയിൽനിന്നും കുതറിമാറി സ്വന്തം ടീമിന്റെ ലീഡ് ഉയർത്തുന്നവനാണ് ദേവനന്ദ്. ഏത് കരുത്തനായ റൈഡറെയും തന്റെ ഉരുക്കുപിടിത്തത്തിൽ ഒതുക്കി കോർട്ടിൽ അപ്രസക്തനാക്കാൻ നവീന്റെ അനുജനായ ദേവനന്ദിന് നിമിഷങ്ങൾ മതി. തോൽക്കാൻ മനസ്സില്ലാത്ത ആ മനക്കരുത്താണ് നന്ദുവിനെ പ്രതിരോധനിരയിലെ അപകടകാരിയായ താരമാക്കുന്നത്. പ്രതിരോധം തന്ത്രമാണെങ്കിൽ നന്ദു അവിടെ മന്ത്രമാണ്; എതിരാളികൾക്ക് അഴിക്കാൻ കഴിയാത്ത കെട്ടായിമാറുന്ന മന്ത്രം. ഇവർക്ക് ശക്തി പകരുന്നവരായി ശ്രീഹരി, അമേയ പ്രസാദ്, അനുസൃത്, ശ്രീനന്ദു, അഭിനവ് എന്നിവരും ചുറുചുറുക്കോടെ ടീമിന്റെ കെട്ടുറപ്പിനെ കാക്കുന്നു. കാസർകോട് സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ താരങ്ങളാണ് ക്ലബിന്റെ പ്രധാന കളിക്കാരായ പി നവീനും സഹോദരൻ ദേവനന്ദും വിശ്വജിത്തും. ഒത്തൊരുമയോടെ കൃത്യമായ പരിശീലനത്തിലൂടെ താരങ്ങളെ വാർത്തെടുക്കുകയാണ് റെഡ്സ്റ്റാർ കൂക്കോട്ട്. കളിക്കളത്തിലെ അച്ചടക്കവും ഒത്തൊരുമയും ഒപ്പം പ്രൊഫഷണൽ രീതിയിലുള്ള മത്സരങ്ങളാണ് ടീംകാഴ്ചവയ്ക്കുന്നത്. ക്ലബിന്റെ 34–ാംവാർഷികാഘോഷവേളയിലാണ് ജൂനിയർ ടീം കൂക്കോട്ടിന്റെ പെരുമയേറ്റുന്നത്. പാരമ്പര്യമായി കിട്ടിയ കബഡി ആവേശവും ആൺപെൺഭേദമന്യേ നാട്ടുകാർ മുഴുവൻ കബഡി പ്രേമികളായതും ടീമിന് മുതൽക്കൂട്ടായതായി ക്ലബ് സെക്രട്ടറി ടി സുജിത് പറഞ്ഞു.










0 comments