പൊലീസിന് ബിഗ് സല്യൂട്ട്

ടി കെ പ്രഭാകരകുമാര്‍
Published on Aug 26, 2025, 03:00 AM | 2 min read
കാഞ്ഞങ്ങാട്
വീട്ടില്‍ ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും പൊലീസിനും അഭിമാന നിമിഷം. ആദ്യഘട്ടത്തില്‍ പ്രതിയെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. പ്രതിയെ കണ്ടുപിടിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെലുണ്ടാകുകയും അതിനനുസരിച്ച് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ പിടിയിലായത് കര്‍ണാടക കുടക് നാപോക് സ്വദേശിയായ കൊടുംകുറ്റവാളി പി എ സലിം. 2024 മെയ് 15ന് പുലര്‍ച്ചെ മൂന്നോടെയാണ് ഹൊസ്‌ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണകമ്മല്‍ കവര്‍ന്നത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതി ആരാണെന്നതിനെക്കുറിച്ച് സൂചനയൊന്നും കിട്ടിയില്ല. പീഡനത്തിനിരയായ കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിരുന്നു. രണ്ട് കാതുകളിലെയും സ്വര്‍ണകമ്മല്‍ കാണാനില്ലായിരുന്നു. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് ആദ്യം കരുതിയത്. കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡനം തെളിഞ്ഞത്. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ കണ്ണൂര്‍ ഡിഐജി കാഞ്ഞങ്ങാട്ടെത്തി പ്രതിക്കുവേണ്ടി അന്വേഷണം നടത്തുന്നതിന് പൊലീസ് സേനയെ സജ്ജമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫീസില്‍ ഡിഐജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനല്‍കി. അന്നത്തെ ജില്ലാ പൊലീസ് മേധാവി പി ബിജോയ് കാഞ്ഞങ്ങാട്ട് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. ഡിവൈഎസ്പിമാരായ വി വി ലതീഷ്, പി ബാലകൃഷ്ണന്‍ നായര്‍, സി കെ സുനില്‍കുമാര്‍, അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം പി ആസാദ്, നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ വി ഉമേഷ് എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണത്തിന് രൂപം നല്‍കി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെ പ്രതി സലീമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ കാലങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് കാരണം പ്രതിയിലേക്ക് എത്താന്‍ ബുദ്ധിമുട്ടി. കാഞ്ഞങ്ങാട്ടായിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ താമസിക്കുമ്പോള്‍ ഉമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചത്. ഇതുകാരണം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. ഭാര്യയെ മറ്റൊരാളുടെ ഫോണില്‍നിന്ന് പ്രതി വിളിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇത് കണ്ടെത്തി. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രയില്‍നിന്ന് പിടികൂടുകയായിരുന്നു. എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വധശിക്ഷ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കും ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി പി എ സലീമിന് വധശിക്ഷ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ പറഞ്ഞു. കേസ് അപൂർവത്തിൽ അപൂർവമാണെന്നും പ്രതി സ്ഥിരം കുറ്റവാളിയാണെന്നും അതിനാൽ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.









0 comments