പി ഇസ്മയിലിന്റെ പുസ്തകശേഖരം ഇ എം എസ് ലൈബ്രറിക്ക്

പി ഇസ്മയിലിന്റെ വീട്ടു ലൈബ്രറിയിലെ പസ്തകശേഖരം പേരമക്കളിൽനിന്ന് പള്ളം തെക്കേക്കരയിൽ ആരംഭിക്കുന്ന ഇ എം എസ് ലൈബ്രറിയിലേക്കായി സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ ഏറ്റുവാങ്ങുന്നു
ഉദുമ
അന്തരിച്ച സിപിഐ എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാലക്കുന്നിലെ ഇസ്മയിൽ സർ എന്ന പി ഇസ്മയിലിന്റെ വീട്ടു ലൈബ്രറിയിലെ പുസ്തകശേഖരം പള്ളം തെക്കേക്കരയിൽ ആരംഭിക്കുന്ന ഇ എം എസ് ലൈബ്രറിക്ക് കൈമാറി. സിപിഐ എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ ഇസ്മയിലിന്റെ പേരമക്കളായ നിമീറ പുതിയപുരയിൽ, തമ്ന പുതിയപുരയിൽ എന്നിവരിൽനിന്നു പുസ്തകങ്ങൾ ഏറ്റുവാങ്ങി. മകൾ സലീന, ഭാര്യ: ബീഫത്തിമ, അരവിന്ദൻ പാലക്കുന്ന്, ചിത്രഭാനു പള്ളം, ശ്രീസ്ത പള്ളം, സുകുമാരൻ പള്ളം, പ്രണവൻ പള്ളം, രവീന്ദ്രൻ കൊക്കാൽ, വേണു പള്ളം എന്നിവർ പങ്കെടുത്തു. റിട്ട. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായിരുന്ന പി ഇസ്മയിൽ സിപിഐ എം ഉദുമ ഏരിയ കമ്മിറ്റിയംഗം, കാസർകോട് ജില്ലാ പഞ്ചായത്തംഗം, ഹൊസ്ദുർഗ് സർക്കിൾ സർവീസ് സഹകരണ സംഘം ചെയർമാൻ, ഉദുമ കർഷക ക്ഷേമ സഹകരണ സംഘം ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. നല്ല വായനക്കാരനും ചരിത്രാന്വേഷിയുമായിരുന്ന പി ഇസ്മയിലിന്റെ വീട്ടു ലൈബ്രറി പ്രശസ്തരും പ്രമുഖരുമായ എഴുത്തുകാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയുമെല്ലാം പുസ്തകങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. മാർക്സിയൻ തത്വചിന്തകൾ, സാമൂഹിക ശാസ്ത്രം, ഇതിഹാസ ഗ്രന്ഥങ്ങൾ, ചരിത്ര വിശകലനഗ്രന്ഥങ്ങൾ കൂടാതെ സാഹിത്യം, കല, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലേയും പുസ്തകങ്ങളും മാഗസിനുകളും മറ്റു പീരിയോഡിക്കലുകളും ഇതിൽപ്പെടും. ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ് വാർധക്യസഹജമായ അസുഖത്തെതുടർന്ന് മരിച്ചത്.











0 comments