ജനമനസ്സിൽ ജയിച്ച് ജയാനന്ദ

കെ സി ലൈജുമോൻ
Published on Mar 30, 2026, 02:30 AM | 2 min read
കുന്പള
തുളുനാടിന്റെ ഹൃദയതാളം തിരിച്ചറിയുന്ന എൽഡിഎഫ് സ്ഥാനാർഥി കെ ആർ ജയാനന്ദ ഓരോ കേന്ദ്രത്തിലെത്തുന്പോഴും ആവേശത്തോടെയാണ് വോട്ടർമാരും നാട്ടുകാരും കാത്തിരിക്കുന്നത്. ഞായർ രാവിലെ മൈരളയിലായിരുന്നു ആദ്യ സ്വീകരണം. വെയിലിന് ചൂടുപിടിക്കുംമുന്പേ കുട്ടികളും ചെറുപ്പക്കാരും സ്‌ത്രീകളും പ്രായമായവരും സ്ഥാനാർഥിക്കായി കാത്തിരിക്കുകയാണ്. ജ്യോതി ഗ്രൗണ്ടിലാണ് യോഗം. സംസ്ഥാന സർക്കാരും ജില്ലാപഞ്ചായത്തും കഴിഞ്ഞ കാലങ്ങളിൽ നാട്ടിൽ നടത്തിയ വികസനങ്ങൾ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി ബേബി അക്കമിട്ട് നിരത്തുന്പോഴേക്കും സ്ഥാനാർഥിയെത്തി. മാലപ്പടക്കത്തിന്റെയും മുദ്രാവാക്യം വിളികളുടെയും അകന്പടിയോടെയുള്ള സ്വീകരണം. നാടിന്റെ മനമറിഞ്ഞ് തുളുവിലും കന്നടയിലും ചെറു പ്രസംഗം നടത്തി കെ ആർ ജയാനന്ദ ജാതിമത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരുടെയും ഹൃദയത്തിൽ ഇടംപിടിക്കുകയാണ്. കളത്തൂരിലും കിദൂരിലും വോട്ടർമാരെ കണ്ടശേഷം ബംബ്രാണയിലേക്ക്. സജീവ ലീഗ് പ്രവർത്തകരായിരുന്ന വ്യാപാരികളും ഓട്ടോഡ്രൈവർമാരും ഒരുപോലെ പറയുന്നത് ഇത്തവണ വിജയം എൽഡിഎഫിനെന്ന്. അതിനിടെ കന്നട ചാനൽ പ്രവർത്തകരെത്തി. കുറച്ചുനേരം അഭിമുഖം. തുടർന്നാണ് ഉളുവാറിലെ സ്വീകരണ കേന്ദ്രത്തിലെത്തിയത്. ഉത്സവം നടക്കാനിരിക്കുന്ന അന്പിലടുക്ക ക്ഷേത്രപരിസരത്ത് നിർമാണ പ്രവർത്തനത്തിലേർപ്പെട്ടവരെയും സന്ദർശിച്ചു. മുളിയടുക്കയും കുണ്ടങ്ങാരടുക്കയിലെത്തുന്പോൾ നിശ്ചയിച്ച സമയത്തേക്കാൾ ഒന്നേകാൽ മണിക്കൂർ വൈകി. വെയിലിനെ കൂസാതെ നൂറുകണക്കിനാളുകൾ ഇവിടെയും. സ്ഥാനാർഥിയെ വരവേൽക്കാനെത്തിയത് കണിക്കൊന്ന പൂക്കളുമായി ബാലസംഘം കൂട്ടുകാരായ ഋഷികയും അദ്വിതും. കുട്ടികളെ ചേർത്തുപിടിച്ച് കുശലംപറഞ്ഞ് മുന്നോട്ട്... പിന്നെ എല്ലാവർക്കും കൈകൊടുത്ത് വോട്ടഭ്യർഥന. വീണ്ടും തുളുവിൽ കൊച്ചുപ്രസംഗം. പേരാലും കഴിഞ്ഞ് മൊഗ്രാലിലെത്തുന്പോൾ സിപിഐ എം കുന്പള ഏരിയാസെക്രട്ടറി സി എ സുബൈർ കത്തിക്കയറുകയാണ്. മണ്ഡല വികസനത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ ഒന്നൊന്നായി വിശദീകരിച്ച് തകർപ്പൻ പ്രസംഗം. ഒടുവിൽ സ്ഥാനാർഥിയുടെ പ്രസംഗം മൊഗ്രാലിന്റെ മനസ്സറിയുന്നതായിരുന്നു. മാപ്പിള കലാ അക്കാദമി ഇവിടെനിന്നും മാറ്റുന്പോൾ അനങ്ങാതിരുന്നവരെ പോലെയല്ല, ജയിച്ചാൽ ഇതേ അക്കാദമി മണ്ഡലത്തിൽ തിരികെയെത്തിക്കാൻ മുന്നിലുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് തുളു അക്കാദമി ചെയർമാൻകൂടിയായ കെ ആർ ജയാനന്ദ മടങ്ങിയത്. മൊഗ്രാലിൽ പ്രവർത്തകർ ഉച്ചഭക്ഷണം ഒരുക്കിയെങ്കിലും കഴിക്കാൻ നിൽക്കാതെ കുളൂർപാദെയിൽ തെയ്യംകെട്ട് നടക്കുന്നയിടത്തേക്ക് യാത്രതിരിച്ചു. രണ്ടായിരത്തോളംപേർ പങ്കെടുക്കുന്ന പരിപാടിയാണ്. മുന്നിൽ കാണുന്നവരോടെല്ലാം സ്‌നേഹവും വിശേഷവും പങ്കുവച്ചു. ഇവിടുന്ന് ഭക്ഷണം കഴിച്ച് പൊതുപരിപാടി നടക്കുന്ന കുന്പള നാരായണ മംഗലത്തേക്ക്. ശേഷം മൂന്നരയോടെയാണ് പൊതുപര്യടനം തുടർന്നത്. ഷിറിയ, ഹേരൂർ, ഉപ്പള, മണ്ണംകുഴി, പെരിങ്കടി, നയാബസാർ, ചെറുഗോളി, സോങ്കാൽ സ്വീകരണങ്ങൾക്ക് ശേഷം സമാപന കേന്ദ്രമായ ബേക്കൂറിലെത്തുന്പോൾ രാത്രി എട്ടരയായി. എന്നിട്ടും പ്രിയപ്പെട്ട സ്ഥാനാർഥിയുടെ വരവിനായി കാത്തിരുന്ന ജനങ്ങളാണ് ഇത്തവണ മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നുനൽകുന്നത്.










0 comments