ad
Deshabhimani

കുളങ്ങാട്ടുമല ഇടിയുന്നത് തടയാൻ നടപടി

കുളങ്ങാട്ടുമലയിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള പ്രാരംഭ പ്രവർത്തനത്തിന് മണ്ണുമാന്തിയന്ത്രം എത്തിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jun 13, 2026, 03:00 AM | 1 min read

ചെറുവത്തൂർ കുളങ്ങാട്ട്‌ മലയിടിച്ചിൽ തടയാൻ നടപടി ആരംഭിച്ചു. മഴ കനത്തുപെയ്യാൻ തുടങ്ങിയതോടെ മലയിടിച്ചൽ ഭീഷണി നേരിടുന്ന ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ മലയിടിച്ചൽ തടയാനുള്ള താൽക്കാലിക നടപടികൾ ആരംഭിച്ചു. മലയിൽ വിള്ളൽ വീണ ഭാഗങ്ങളിൽ മണ്ണുനിറച്ച് വലിയ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മൂടി സംരക്ഷിക്കാനുള്ള പ്രവൃത്തിയാണ് നടത്തുന്നത്. കലക്ടറുടെ പ്രത്യേക നിർദേശ പ്രകാരം റവന്യൂ അധികൃതർ നേരത്തെ സ്ഥലം സന്ദർശിച്ച് മലയിടിച്ചൽ മൂലം അപകട ഭീഷണി നേരിടുന്ന അഞ്ച്‌ കുടുംബങ്ങളോട് അടിയന്തരമായി മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതിഷേധ സൂചകമായി ഈ നിർദേശം തള്ളിക്കളയുന്ന നിലപാടാണ് പ്രദേശവാസികൾ സ്വീകരിച്ചത്. മുമ്പുണ്ടായ ദുരന്ത സമയങ്ങളിൽ അധികൃതർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ എല്ലാ മഴക്കാലത്തും തങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിക്കുന്ന സ്ഥിരം രീതി അംഗീകരിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ ശക്തമായ നിലപാട്. പ്രതിസന്ധി രൂക്ഷമായതോടെയാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് നീങ്ങിയത്. മലയിടിച്ചൽ ഭീഷണി നിലനിൽക്കുന്ന ഭാഗത്തുനിന്നും മണ്ണ് താഴേക്ക് നീക്കാനും, പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടി താല്ക്കാലികമായി മണ്ണിടിച്ചിൽ പ്രതിരോധിക്കാനുമാണ് തീരുമാനം. അധികൃതർ നേരിട്ട് ഇടപെട്ട് സുരക്ഷാ പ്രവൃത്തികൾ ആരംഭിച്ചതോടെ മാറിത്താമസിക്കില്ലെന്ന നിലപാടിൽ നിന്ന് പ്രദേശവാസികൾ അയവു വരുത്തിയിട്ടുണ്ട്. ചെറുവത്തൂർ പഞ്ചായത്ത് അധികൃതർ മുന്നോട്ടുവച്ച നിർദേശം സ്വീകരിച്ച് പ്രദേശത്തെ രണ്ട് കുടുംബങ്ങൾ അടുത്ത രണ്ട് മാസത്തേക്ക് വാടക ക്വാർട്ടേഴ്സുകളിലേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലയിടിച്ചിൽ തടയാനുള്ള താൽക്കാലിക പ്രവർത്തനത്തിന്റെ ഭാഗമായി അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു നീക്കുകയും മണ്ണു നീക്കംചെയ്യാൻ മണ്ണുമാന്ത്രി യന്ത്രം എത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മലയ്ക്ക് താഴെ ശക്തമായ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ചാൽ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നുമാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷം വർഷ കാലത്ത് ജൂൺ 16 നും ജൂലായ് 17 നും ഇവിടെ മലയിടിച്ചൽ ഉണ്ടായതിനെ തുടർന്ന് താഴ്‌വാരത്തിലുള്ള ഏതാനും കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home