സ്‌റ്റാർട്ടപ്പ് സംരംഭക ഉച്ചകോടിക്ക് നാളെ തുടക്കം
ആശയങ്ങൾ പിറക്കട്ടെ

കാസർകോട്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിദ്യാര്‍ഥി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ ഉച്ചകോടി തിങ്കളാഴ്‌ച കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളേജിൽ നടക്കും. ഏഷ്യയിലെതന്നെ ഏറ്റവും വലിയ യുവ സംരംഭകത്വ സംഗമത്തിന്റെ ഭാഗമായുള്ള ഇന്നൊവേഷന്‍ ട്രെയിന്‍ ഞായറാഴ്‌ച പകൽ രണ്ടിന് തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കും. യുവാക്കളിൽ സംരംഭക ചിന്ത വളർത്താനും പുതുമയാർന്ന ആശയങ്ങൾക്ക് വേദിയൊരുക്കാനും സംരഭകത്വ സംസ്കാരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഉച്ചകോടി. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, ടെക്നോളജി, മെഡിക്കൽ, മാനേജ്മെന്റ് – ബിസിനസ് സ്റ്റഡീസ് സ്ഥാപനങ്ങളിലെ 550- ഐഇഡിസി സെന്ററുകളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളും യുവ സംരംഭകരും ഉച്ചകോടിയുടെ ഭാഗമാകും. സ്റ്റാർട്ടപ്പ് സ്ഥാപകരും വ്യവസായ വിദഗ്ധരും വിവിധ മേഖലകളിൽ നിന്നുള്ള സ്പീക്കർമാരും പങ്കെടുക്കുന്ന പരിപാടി ആശയ കൈമാറ്റത്തിനും നെറ്റ്‌വർക്കിങ് അവസരങ്ങൾക്കും വൻവേദിയാണ്. ആശയങ്ങൾ അവതരിപ്പിക്കാനും പ്രായോഗിക സംരംഭങ്ങളാക്കി അവസരമുണ്ട്. സ്റ്റാർട്ടപ്പ് എക്സ്പോ, കരകൗശല നിർമാണ സ്റ്റാളുകൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ടിഐഐബി, ക്യാമ്പസ് ഫണ്ട്, വണ്ടർപ്രണർ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി ഒരുക്കിയത്. ‘ഇന്നൊവേഷന്‍ ട്രെയിനില്‍' സംസ്ഥാനത്തുടനീളമുള്ള യുവസംരംഭകര്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്തും. ‘ഇന്നൊവേഷന്‍ ട്രെയിനി' ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങളുടെ ആശയപ്രകാശത്തിനുള്ള വേദിയാകും. ഇതിലെ ആശയങ്ങള്‍ക്ക് ഉച്ചകോടിയിലെ പിച്ച് സെഷനുകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍, ഫണ്ടിങ് ഏജന്‍സികളുമായുള്ള നെറ്റ് വര്‍ക്കിങ് എന്നിവയില്‍ മുന്‍ഗണന ലഭിക്കും. ഉച്ചകോടിക്ക് മുന്നോടിയായി ഐഇഡിസി നോഡൽ ഓഫീസർമാരുടെ സംഗമം ഞായറാഴ്‌ച പകൽ കേന്ദ്ര സർവകലാശാലയിൽചേരും.
ആശയങ്ങൾ പറയൂ; സമ്മാനങ്ങൾ കൂടെപ്പോരും
ഉച്ചകോടിയിൽ നവീന സംരംഭക ആശയം അവതരിപ്പിക്കാനും പ്രായോഗിക സംരംഭങ്ങളാക്കാനും അവസരമൊരുക്കുന്ന ‘വൺ ടാങ്ക്’ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ടീമിന് ദുബായിൽ അഞ്ചുലക്ഷം ട്യൂഷൻ ഫീസ് വരുന്ന അന്താരാഷ്ട്ര സംരംഭകത്വ പരിശീലനം, അന്പതിനായിരം രൂപ സമ്മാനത്തുക എന്നിവ ലഭിക്കും. ഹൊറർ ഗെയിം ഡെവലപ്‌മെന്റ് ചാലഞ്ച് വിജയികളാവുന്ന ടീമിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം ലഭിക്കും. ‘ടെൻ സൂപ്പർ ഗേൾസ്’ എന്ന പേരിലുള്ള മത്സരത്തിൽ സംരംഭകത്വം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന 10 പെൺകുട്ടികൾക്ക് സമ്മാനമുണ്ട്. സിപിസിആർഐ ഉൽപാദിപ്പിക്കുന്ന ‘കല്പരശ’ നീരയ്‌ക്ക് മികച്ച ബ്രാൻഡിങ് ഒരുക്കുന്നവർക്ക് പതിനായിരം രൂപയുണ്ട്. വാർത്താസമ്മേളനത്തിൽ എൽബിഎസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് ഷെക്കൂർ, പ്രൊഫ. പ്രവീൺ കുമാർ കോടോത്ത്, പ്രൊഫ. വിനോദ് ജോർജ്, സയ്യിദ് സവാദ്, ആദർശ് വിജയൻ എന്നിവർ പങ്കെടുത്തു.










0 comments