ad
Deshabhimani

പത്തനംതിട്ട നഗരസഭ എൽഡിഎഫ്‌ ഭരണസമിതിയുടെ സ്വപ്‌നപദ്ധതി

നഗരമാലിന്യം ഇവിടെത്തന്നെ സംസ്‌കരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അശ്വതി ജയശ്രീ

Published on Dec 19, 2025, 12:05 AM | 1 min read

പത്തനംതിട്ട

പത്തനംതിട്ട നഗരം ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിന്‌ നഗരത്തിൽ തന്നെ സംസ്‌കരണം–നഗരസഭ എൽഡിഎഫ്‌ ഭരണസമിതി സ്ഥാനമൊഴിയുമ്പോൾ ഒരു സ്വപ്‌നപദ്ധതി കൂടി നടപ്പാവുകയാണ്‌. വിവിധ വെല്ലുവിളികൾ നേരിട്ടാണ്‌ പദ്ധതി ടെൻഡർ നടപടിയിലേക്ക്‌ കടക്കുന്നത്‌.

കുലശേഖരപതിയിലെ ഉപയോഗശൂന്യമായ മിൽമ ഗോഡ‍ൗണും അതിരിക്കുന്ന അരയേക്കർ ഭൂമിയുമാണ്‌ ഗ്രീൻ പാർക്കാവുക. മിൽമയുടെ ഉടമസ്ഥതയിലായിരുന്ന റവന്യൂ ഭൂമി കലക്ടർ എസ്‌ പ്രേം കൃഷ്‌ണന്റെ ഇടപെടലിൽ നഗരസഭാ സെക്രട്ടറിക്ക്‌ കൈമാറി. കലക്ടറുടെ ഒ‍ൗദ്യോഗിക വസതിക്ക്‌ പിന്നിലുള്ള മിൽമയുടെ ഭൂമി പ്ലാസ്റ്റിക്‌ മാലിന്യസംസ്‌കരണ കേന്ദ്രമാക്കുകയെന്ന നഗരസഭയുടെ പദ്ധതിക്ക്‌ ജില്ലാ ഭരണകേന്ദ്രത്തിന്റെയും പൂർണപിന്തുണയുണ്ട്‌.

കലക്‌ടറുടെ നിർദേശപ്രകാരം ജനകീയസമിതി രൂപീകരിച്ചാവും ഗ്രീൻ പാർക്ക് പ്രവർത്തിക്കുക. പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെ പ്രതിനിധികളും വാർഡ് ക‍ൗൺസിലർ, ആരാധനാലയ പ്രതിനിധി, രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജാതിമത സംഘടനാ പ്രതിനിധികൾ എന്നിവർ സമിതിയുടെ ഭാഗമാകും. മാലിന്യ സംസ്‌കരണ കേന്ദ്രം മാത്രമായി ഒതുക്കുകയല്ല, ഓപ്പൺ ജിം, കുട്ടികൾക്കും മുതിർന്നവർക്കുമായി കളിസ്ഥലം എന്നിവയും ഒരുക്കും. 4500 ചതുരശ്രയടി വിസ്തീർണമാണ്‌ ഗോഡ‍ൗണിനുള്ളത്‌. നഗരസഭയുടെ ഇലക്ട്രിക് ഓട്ടോയും മിനിവാനും പാർക്ക് ചെയ്യാനും ചാർജ് ചെയ്യാനും ഒരു ഷെഡും പണിയണമെന്നും പദ്ധതിരേഖയിലുണ്ട്‌.

33 വാർഡുകളിൽനിന്ന്‌ പ്ലാസ്റ്റിക്‌ ശേഖരിക്കും

നഗരസഭയിലെ 33 വാർഡുകളിൽനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഹരിതകർമസേന ഇവിടെയെത്തിക്കും. ഇവ വേർതിരിച്ച്‌ ബെയ്‌ലിങ് ചെയ്ത്‌ കട്ടകളാക്കി ക്ലീൻ കേരള കമ്പനിക്ക്‌ കൈമാറും. കുലശേഖരപതി മേഖലയിലെ വീടുകളിൽ നിന്നുള്ള ജൈവമാലിന്യം സംസ്കരിക്കാൻ കലക്ടറേറ്റ്‌ മാതൃകയിൽ എൻഎഇഡിപി പ്ലാന്റും സ്ഥാപിക്കും. ഇതിലൂടെ ജൈവവളം ഉൽപ്പാദിപ്പിച്ച്‌ അതുപയോഗിച്ച്‌ അവിടെതന്നെ കൃഷിയും ചെയ്യും. പ്രദേശത്തെ തന്നെ നിരവധിപേർക്ക്‌ ഇതിലൂടെ തൊഴിലും ലഭിക്കും.

"ഞങ്ങളുടെ സ്വപ്നപദ്ധതി'

നഗരസഭ എൽഡിഎഫ്‌ ഭരണസമിതിയുടെ സ്വപ്നപദ്ധതിയാണ്‌ മിൽമ ഗോഡ‍ൗണിൽ പ്ലാസ്റ്റിക്‌ സംസ്‌കരണകേന്ദ്രം സ്ഥാപിക്കുകയെന്നത്‌. പല വെല്ലുവിളികൾ നേരിട്ടാണ്‌ ഇത്‌ യാഥാർഥ്യമാകുന്നത്‌. മാലിന്യം സംസ്‌കരിക്കാൻ നഗരസഭയ്ക്കുള്ളിൽതന്നെ സ‍ൗകര്യമൊരുക്കുന്നത്‌ വലിയ കാര്യമാണ്‌. വരാനിരിക്കുന്ന യുഡിഎഫ്‌ ഭരണസമിതിക്ക്‌ പദ്ധതി മുന്നോട്ട്‌ കൊണ്ടുപോയേ മതിയാകൂ–അഡ്വ. ടി സക്കീർ ഹുസൈൻ, നഗരസഭാധ്യക്ഷൻ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home