പമ്പയെ വർണാഭമാക്കി മാനവമൈത്രി ജലമേള

വെള്ളിയാഴ്‌ച നടന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ജലോത്സവം
കോഴഞ്ചേരി
കാണികളെ ആവേശഭരിതരാക്കി അയിരൂർ പുതിയകാവ് മാനവമൈത്രി ജലോത്സവം. പമ്പയുടെ ഓളങ്ങളെ കീറിമുറിച്ച് അമരച്ചാർത്തും മുത്തുക്കുടയും ദേവക്കൊടിയും ചൂടി വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് തുഴഞ്ഞുനീങ്ങിയ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര പമ്പയുടെ ഇരുകരകളിലെയും നൂറുകണക്കിനാളുകൾക്ക് കണ്ണിന് കുളിർമയായി. പള്ളിയോടങ്ങൾ പുതിയകാവ് ക്ഷേത്രക്കടവിലേക്ക് ഭക്തിസാന്ദ്രമായി പാടിത്തുഴഞ്ഞെത്തിയത് കാണാൻ ക്ഷേത്രക്കടവിൽ ആയിരങ്ങൾ ഒഴുകിയെത്തി.
ജലോത്സവം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പഴകുളം മധു എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ രാമചന്ദ്രൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലി, മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, മാലേത്ത് സരളാ ദേവി, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കര, അയിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി നായർ, സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ശ്രീകല ഹരികുമാർ, സാംകുട്ടി അയ്യക്കാവിൽ എന്നിവർ സംസാരിച്ചു.
18 പള്ളിയോടങ്ങൾ പങ്കെടുത്ത എ ബാച്ചിൽ ചെറുകോൽ, അയിരൂർ, നെടുംപ്രയാർ, ഇടശ്ശേരിമല കിഴക്ക്, ഇടശ്ശേരിമല, കീഴുകര, തെക്കേമുറി, കുറിയന്നൂർ, ഇടപ്പാവൂർ പേരൂർ, കാട്ടൂർ, മല്ലപ്പുഴശ്ശേരി, മേലുകര, കോഴഞ്ചേരി പള്ളിയോടങ്ങളും ബി ബാച്ചിൽ കോറ്റാത്തൂർ, ഇടപ്പാവൂർ, പുല്ലൂപ്രം, കീക്കോഴൂർ, ഇടക്കുളം പള്ളിയോടങ്ങളും പങ്കെടുത്തു. എ ബാച്ചിൽ ചെറുകോൽ, നെടുംമ്പ്രയാർ, അയിരൂർ, ഇടശ്ശേരിമല കിഴക്ക് എന്നീ വള്ളങ്ങൾ ഒന്നാം സ്ഥാനവും ബി ബാച്ചിൽ ഇടപ്പാവൂർ, പുല്ലൂപ്രം, കോറ്റാത്തൂർ വള്ളങ്ങൾ ഒന്നാം സ്ഥാനവും നേടി. വഞ്ചിപ്പാട്ട് മൽസരത്തിൽ ജൂനിയർ വിഭാഗത്തിൽ കോറ്റാത്തൂർ കൈതക്കോടി ഒന്നാം സ്ഥാനവും ഇടപ്പാവൂർ രണ്ടാം സ്ഥാനവും സീനിയേഴ്സിൽ ഇടശ്ശേരിമല ഒന്നാംസ്ഥാനവും മേലുകര രണ്ടാംസ്ഥാനവും നേടി. കേരളത്തിൽ ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏക വള്ളംകളിയെന്ന പ്രത്യേകതയും അയിരൂർ പുതിയകാവ് മാനവ മൈത്രി ജലോത്സവത്തിനുണ്ട്.










0 comments