ad
Deshabhimani

സ്‌നേഹവായ്‌പുകൾ നിറഞ്ഞ വഴികളിലൂടെ...

VEENA GEORGE
avatar
അശ്വതി ജയശ്രീ

Published on Mar 29, 2026, 09:30 PM | 1 min read


പത്തനംതിട്ട
"റോഡെന്ന്‌ വിളിക്കാനാകുമായിരുന്നോ ഇതിനെ?. കുണ്ടും കുഴിയുംനിറഞ്ഞ വഴി മാത്രമായിരുന്നിത്‌. ഇന്ന്‌ ഞങ്ങളുടെ പഞ്ചായത്തിൽ മാത്രം എത്ര മികച്ച റോഡുകളാണ്‌'–നാരങ്ങാനത്തുകാരുടെ വാക്കുകളിൽ നന്ദിയുടെ സ്‌നേഹസ്‌പർശം. കോഴഞ്ചേരി–മണ്ണാറക്കുളഞ്ഞി റോഡും, പത്തനംതിട്ട– കടമ്മനിട്ട റോഡും, കടമ്മനിട്ട– വാഴക്കുന്നം റോഡുമൊക്കെ കൺമുന്നിൽ മിന്നിത്തിളങ്ങുകയല്ലേ.
ആറന്മുള മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വീണാ ജോർജിന്റെ ഓശാന ഞായറിലെ പര്യടനം മാതൃഇടവകയായ പാലമൂട് മാർ കുര്യാക്കോസ് പള്ളിയിൽനിന്നായിരുന്നു. ഉള്ളന്നൂർ ഓർത്തോഡോക്‌സ്‌ പള്ളിയും സന്ദർശിച്ചാണ്‌ പൊതുപര്യടനം തുടങ്ങിയത്‌. തുറന്ന ജീപ്പിൽ പ്രിയപ്പെട്ടവരെ കണ്ടും സ്വീകരണകേന്ദ്രങ്ങളിൽ അവരുമായി സംവദിച്ചുമായിരുന്നു യാത്ര. അന്ത്യാളൻകാവിൽ തുടങ്ങിയ പര്യടനത്തിൽ പ്രായഭേദമന്യേ നിരവധിപേരാണ്‌ പങ്കാളികളായത്‌.
 അന്ത്യാളൻകാവ്‌ കുടിവെള്ള പദ്ധതി, സിദ്ധ, ഹോമിയോ ഡിസ്‌പെൻസറികൾ, പടയണി കലാകാരൻമാരുടെ പെൻഷൻ, കടമ്മനിട്ട ഗവ. സ്‌കൂളിന്‌ പുതിയ കെട്ടിടം എന്നിങ്ങനെ പഞ്ചായത്തിന്റെ മുഖംമിനുക്കിയ വികസനങ്ങൾ നടപ്പാക്കിയ വീണയ്‌ക്ക്‌ മൂന്നാമങ്കത്തിലും വിജയം ഉറപ്പിക്കുന്നതായി ജനങ്ങളുടെ പ്രതികരണം. രക്തഹാരവും ഷാളും കൊന്നപ്പൂക്കളും പുസ്‌തകങ്ങളും നൽകിയാണ്‌ അവർ പ്രിയപ്പെട്ടവളെ സ്വീകരിച്ചത്‌. അതിനിടെ പെയ്‌ത കനത്തമഴ ആവേശം ഒട്ടും ചോർത്തിയില്ല.
"ആറന്മുളയെ പ്രളയം തകർത്തപ്പോൾ ആദ്യമായി ഭക്ഷണപ്പൊതികൾ നൽകിയത്‌ നാരങ്ങാനത്തുനിന്നായിരുന്നു. പ്രശ്നങ്ങളെ ഒന്നിച്ചുനിന്ന്‌ അതിജീവിച്ച നമുക്ക്‌ നാടിന്റെ വികസന മുന്നേറ്റത്തിനും ഒന്നിക്കാം. 2000 കോടിയിലധികം രൂപയുടെ വികസനമാണ്‌ കഴിഞ്ഞ അഞ്ചുവർഷത്തിൽ ഇവിടെ നടപ്പാക്കിയത്‌. അത്‌ തുടരാൻ ഇടതുപക്ഷം തുടരണം'–വീണാ ജോർജ്‌ പറഞ്ഞ്‌ അവസാനിപ്പിക്കുന്പോൾ നിറഞ്ഞ കരഘോഷം. മാടുമേച്ചിലിൽ പര്യടനം അവസാനിച്ചു. കൊടുമൺ ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തിൽ തെരുവുനാടകവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home